ഭോജ്‌പൂര്‍ : ഫേസ്‌ബുക്ക് റീല്‍സിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ഭര്‍ത്താവ് പിടിയില്‍. ബിഹാറിലെ ഭോജ്‌പൂരിനടുത്തുള്ള നവാഡയിലാണ് സംഭവം. ഫേസ്‌ബുക്ക് റീല്‍സ് ചെയ്യുന്നതിനെ എതിര്‍ത്തിട്ടും യുവതി വകവയ്ക്കാതിരുന്നതാണ് പ്രകോപനമായതെന്ന് പ്രതി അനില്‍ ചൗധരി പൊലീസിന് മൊഴി നല്‍കി.
റീൽസ് നിർമിക്കുന്നതിനെ ചൊല്ലി സെപ്‌റ്റംബര്‍ 25ന് രാത്രി അനിലും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ നിന്നും വീഡിയോകള്‍ ഡിലീറ്റ് ചെയ്യാന്‍ അനിൽ ആവശ്യപ്പെട്ടെങ്കിലും യുവതി ചെവിക്കൊണ്ടില്ല. ഇതില്‍ പ്രകോപിതനായ അനില്‍ യുവതിയെ തുണിക്കഷണം കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നേരം പുലരുന്നത് വരെ മൃതദേഹത്തിനരികെ പ്രതി ഇരുന്നു. രാവിലെ വീട്ടിലെത്തിയ പൊലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചു. രാവിലെയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അനിലിന്‍റെ പിതാവ് ശിവശങ്കർ ചൗധരി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
'റീല്‍സ്, സുഹൃത്തുക്കളുടെ കളിയാക്കലുകള്‍': ''ഭാര്യ റീല്‍സ് നിര്‍മിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത് പതിവായിരുന്നു. ദിവസവും നിരവധി വീഡിയോകള്‍ പങ്കുവച്ചു. കുറേ തവണ ഇത് നിര്‍ത്താന്‍ പറഞ്ഞെങ്കിലും കേട്ടില്ല. റീല്‍സ് കാരണം സുഹൃത്തുക്കൾക്കിടയിൽ ഞാനും അവളും പരിഹാസ കഥാപാത്രങ്ങളായിരുന്നു'' അനില്‍ ചൗധരി പൊലീസിനോട് പറഞ്ഞു.
പ്രദേശത്ത് ബേക്കറിക്കട നടത്തുകയായിരുന്ന അനില്‍ 10 വര്‍ഷം മുന്‍പാണ് യുവതിയെ വിവാഹം ചെയ്‌തത്. ജാതിയുടെയും മതത്തിന്‍റെയും വിലക്കുകള്‍ മറികടന്നാണ് ഇരുവരും ഒന്നിച്ചത്. വിവാഹമോചിതയായ അന്നു ഖാത്തൂൻ എന്ന മുസ്ലിം യുവതിയെ പ്രണയിക്കുകയും ഇവരുടെ മകനെ സ്വന്തം കുട്ടിയായി കണ്ട് കൂടെ കൂട്ടുകയുമായിരുന്നെന്ന് അനിൽ പൊലീസിനോട് പറഞ്ഞു.