അരാരിയ : ബിഹാറിലെ അരാരിയയിൽ മാധ്യമപ്രവർത്തകൻ വിമൽ കുമാർ യാദവിന്‍റെ കൊലപാതകത്തിൽ നാല് പേരെ പിടികൂടി പൊലീസ്. ഇന്നലെ പുലർച്ചെയാണ് മാധ്യമപ്രവർത്തകനായ വിമൽ കുമാർ യാദവിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത് (Journalist Vimal Kumar Yadav shot dead). ബിഹാറിലെ (Bihar) അരാരിയ (Araria) ജില്ലയിലെ റാണിഗഞ്ച് ബ്ലോക്കില്‍ ഇന്നലെ (ഓഗസ്റ്റ് 18) പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
ബിഹാറിലെ ദിനപത്രത്തിൽ ബ്ലോക്ക് റിപ്പോർട്ടറായിരുന്നു കൊല്ലപ്പെട്ട വിമൽ കുമാർ യാദവ്. വിമൽ കുമാർ യാദവിന്‍റെ വീട്ടിലെത്തിയ നാലംഗ സംഘം വാതിലിൽ മുട്ടുകയും വാതിൽ തുറന്നയുടനെ വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഉടൻ തന്നെ പ്രതികൾ ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്‍റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. ഉടൻ തന്നെ ബന്ധുക്കൾ വിമലിനെ റാണിഗഞ്ച് റഫറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാരാണ് ലോക്കൽ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. അരാരിയ എംപി പ്രദീപ് കുമാർ സിംഗും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ബിഹാറിൽ കുറ്റവാളികളുടെ മനോവീര്യം വളരെയധികം വർധിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാർ ഏറ്റെടുത്ത് അദ്ദേഹം പദവിയിൽ നിന്ന് രാജിവക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ അരാരിയ എംപി (Araria MP on Journalist murder): നാല് വർഷം മുമ്പ് വിമലിന്‍റെ സഹോദരൻ സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ ഈ സംഭവം ഇന്ന് ഉണ്ടാകില്ലായിരുന്നു. മാധ്യമങ്ങളാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ നാലാം തൂണ്. അത് ഇന്ന് ഇവിടെ കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ശരിയല്ല, മുഖ്യമന്ത്രി നിതീഷ് കുമാർ തന്‍റെ സ്ഥാനം രാജിവക്കണം എംപി പ്രദീപ് കുമാർ സിംഗ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണകക്ഷിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. സംസ്ഥാനത്ത് വർധിച്ചുവരുന്ന അക്രമങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താനുള്ള കഴിവില്ലായ്‌മയാണെന്ന് പറഞ്ഞുകൊണ്ട് ചിരഗ് പാസ്വാൻ (Chirag Paswan) ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
ബിഹാർ മുഖ്യമന്ത്രിയുടെ പ്രതികരണം (Bihar CM on Journalist murder) : മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമപ്രവർത്തകന്‍റെ കൊലപാതകത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ ലഭിച്ചയുടൻ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും സ്ഥിതിഗതികൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്‌തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നാല് വർഷം മുൻപ് വിമൽ കുമാർ യാദവിന്‍റെ സഹോദരൻ സമാനമായി രീതിയിൽ കൊല്ലപ്പെട്ടിരുന്നു. അതിനാൽ ദീർഘകാലമായുള്ള ശത്രുതയാകാം കൊലയ്‌ക്ക് പിന്നിലാകാമെന്നാണ് പൊലീസിന്‍റെ സംശയം. 'മാധ്യമപ്രവർത്തകന്‍റെ വസതിയിൽ എത്തിയ ഒരു സംഘം മാരകമായി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. റാണിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ പുലർച്ചെ 5:30 ഓടെയാണ് ഈ ഭയാനകമായ സംഭവം അരങ്ങേറിയത്.
പ്രാഥമിക അന്വേഷണങ്ങൾ നടക്കുമ്പോൾ, നാല് വർഷം മുമ്പ് വിമൽ കുമാർ യാദവിന്‍റെ സഹോദരൻ സമാനമായ രീതിയിൽ കൊല്ലപ്പെട്ടതിനാൽ, ദീർഘകാലമായുള്ള ശത്രുതയിൽ ഈ കൊലപാതകം വേരൂന്നിയിരിക്കാം'- ബിഹാർ പൊലീസ് അഭിപ്രായപ്പെട്ടു.