സരൺ: ബിഹാറിലെ സരണ്‍ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 16 പേര്‍. സംസ്ഥാനത്ത് നടക്കുന്നത് വന്‍ വ്യാജ മദ്യക്കച്ചവടമാണെന്നും ഇത് തടയാൻ സര്‍ക്കാരിന് കഴിയുന്നില്ലെന്നും സംഭവസ്ഥലത്തെ ജനങ്ങള്‍ ആരോപിക്കുന്നു. ഇ.ടി.വി ഭാരത് നെറ്റ്‌വര്‍ക്കിന് ലഭ്യമായ വിവരങ്ങൾ പ്രകാരം ആറുപേർ നിലവില്‍ ഗുരുതരാവസ്ഥയിലാണ്.
ALSO READ: മുന്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുഭാഷ് ഭൗമിക് അന്തരിച്ചു
16 മരണങ്ങളിൽ ഏറ്റവും ഒടുവിലത്തേത് മർഹൗറയിലാണുണ്ടായത്. കഫ് സിറപ്പുകൾ അസംസ്‌കൃത സ്‌പിരിറ്റിൽ കലർത്തിയാണ് വ്യാജ മദ്യങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന്‍റെ ഉത്‌പാദനവും വിൽപ്പനയും വ്യാപകമായി നടക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യത്യസ്‌തം
ജവഹർ മഹാതോ, രാജേഷ് ശർമ, മുന്ന സിങ്, ഭുലൻ മാഞ്ചി എന്നിവരാണ് മർഹൗറ പ്രദേശത്ത് കൊല്ലപ്പെട്ടത്. ബനായ് സിങ്, വീരേന്ദ്ര താക്കൂർ, സമ്പത്ത് മഹ്തോ, കൃഷ്‌ണ മഹാതോ, രാംനാഥ് റായ്, മുഹമ്മദ് ഈസ, മിഥിലേഷ് സിങ് എന്നിവരാണ് അംനോറില്‍ മരിച്ചത്. നന്ദനിലെ ബ്രിജ് ബിഹാരി റായ്, നൗക്രയിലെ ഭരത് റായ്, സിവാനിലെ അനിൽ മിസ്ത്രി, സുതിഹാറിലെ സുഖാൽ മഹ്തോ, നവാദയിലെ ധനേജർ റായ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
മരിച്ചവരുടെ ബന്ധുക്കൾ തങ്ങളുടെ വീടുകളിൽ നിന്ന് വ്യാജമദ്യക്കുപ്പികൾ കണ്ടെടുത്തതായി പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ മരണകാരണം വ്യക്തമായി പരാമർശിച്ചിട്ടില്ല. തണുപ്പ് മൂലമാണ് മരണം നടന്നതെന്നാണ് നേരത്തേ ജില്ല ഭരണകൂടം അറിയിച്ചത്.