പട്‌ന: മദ്യ കള്ളക്കടത്തും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളും ഒഴിവാക്കാൻ ബിഹാർ സർക്കാർ മദ്യ നിരോധന നയം പുനഃപരിശോധിക്കണമെന്ന് ബിജെപി നിയമസഭാ കൗൺസിലർ സഞ്ജയ് പാസ്വാൻ. മദ്യനിരോധനം ഫലപ്രദമല്ലാത്ത രീതിയിൽ നടപ്പാക്കിയതിന്‍റെ പേരിൽ ബിഹാർ സർക്കാർ വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ് അദ്ദേഹത്തിന്‍റെ പരാമർശം. സീതാമരിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം ബിഹാറിലെ സ്ഥിതി കൂടുതൽ ഗുരുതരമായിരുന്നു. ആഭ്യന്തര സെക്രട്ടറി എന്‍റെ നല്ല സുഹൃത്താണെങ്കിലും അദ്ദേഹത്തിന് വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും പസ്വാൻ പറഞ്ഞു.
മുസാഫർപൂർ, ഗോപാൽഗഞ്ച്, കൈമൂർ, റോഹ്താസ് എന്നിവിടങ്ങളിൽ കഴിഞ്ഞ 15 ദിവസത്തിനിടെ വിഷമദ്യം കഴിച്ച് 20 ഓളം പേർ മരിച്ചു. സീതാമാരി ജില്ലയിലെ മജോർഗഞ്ച് പൊലീസ് സ്റ്റേഷന് കീഴിലുള്ള കുൻവാരി ഗ്രാമത്തിൽ ബുധനാഴ്ച സബ് ഇൻസ്പെക്ടർ കൊല്ലപ്പെടുകയും കോൺസ്റ്റബിളിന് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാർ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കുമെന്നും പാസ്വാന്‍റെ പ്രസ്താവനയോട് പ്രതികരിച്ച ജെഡിയു നേതാവ് അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാർ 2016ലാണ് മദ്യ നിരോധനം നടപ്പാക്കിയത്.