പട്‌ന : ബിഹാറിലെ കോസി മേഖലയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് പപ്പു ദേവ് പൊലീസ് കസ്റ്റഡിയിലിരിക്കെ അന്തരിച്ചു. ഹൃദയാഘാതം മൂലം സഹർസ ജില്ലയിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്‌ച രാത്രി സഹർസയിലെ സറാഹി ഗ്രാമത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പപ്പു ദേവ് അറസ്റ്റിലായിരുന്നു.
സറാഹി ഗ്രാമത്തിൽ അനധികൃതമായി ഭൂമി കൈയ്യേറാൻ സംഘാംഗങ്ങളുമായി പോകുമ്പോഴായിരുന്നു പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ പപ്പുവും സംഘാംഗങ്ങളും വെടിയുതിർത്തതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പപ്പു മതിലിൽ നിന്ന് വീണതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു. തുടർന്ന് അറസ്റ്റിലായ പപ്പുവിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്‌ച പുലർച്ചെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തെ ദർഭംഗ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പപ്പു ദേവിനെ കൂടാതെ സംഘത്തിലെ മൂന്ന് പേർ കൂടി അറസ്റ്റിലായതായും മറ്റുള്ളവർ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ നിന്ന് ഒരു റൈഫിൾ, മൂന്ന് പിസ്റ്റളുകൾ, മൂന്ന് കറ്റാസ്, 47 ബുള്ളറ്റുകൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. 1990കളിലാണ് കുപ്രസിദ്ധ ഗുണ്ടാത്തലവനായി പപ്പു ദേവ് മാറിയത്.