പാറ്റ്ന: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്ക് നേരെ സ്‌കൂൾ വളപ്പിൽ വച്ച് ബലാത്സംഗം ശ്രമം. മദ്യപിച്ചെത്തിയ ഛോട്ടു മഹാതോ എന്നയാളാണ് ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ബുധനാഴ്‌ച പീഢന ശ്രമം നടത്തിയത്. ബെഗുസാരായി ജില്ലയിലെ സാഹേബ്‌പൂർ കമാൽ പ്രദേശത്തെ ഗ്രാമത്തിലെ തന്നെ സ്‌കൂൾ പരിസരത്ത് കളിക്കുകയായിരുന്നു കുട്ടികളെന്നും മദ്യപിച്ചെത്തിയ ഛോട്ടു മഹാതോ അവിടെയെത്തി അതിക്രമം നടത്തുകയായിരുന്നു എന്നും പൊലിസ് പറഞ്ഞു. ലൈംഗികാതിക്രമത്തിൽ ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് പൊലിസ് വൃത്തങ്ങൾ.
സംഭവം നടന്നതിങ്ങനെ : പൊലിസ് നൽകുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ ബീഹാറിലെ ബെഗുസാരായി ജില്ലയിലെ സാഹേബ്‌പൂർ കമാൽ പ്രദേശത്തെ ഗ്രാമനിവാസികളാണ് പെൺകുട്ടികൾ. ബുധനാഴ്‌ച പെൺകുട്ടികൾ സ്‌കൂൾ വളപ്പിലെ ഊഞ്ഞാൽ ആടാൻ പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് മദ്യപിച്ചെത്തിയ ഛോട്ടു മഹാതോ പെൺകുട്ടികളെ കാണുകയും പെൺകുട്ടികളുടെ ശരീരത്തിൽ കടന്നുപിടിക്കുകയും ചെയ്‌തത്.
ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി പെൺകുട്ടികൾ ഓടി സ്‌കൂളിലെ ശുചിമുറിയിൽ കയറി ഒളിച്ചു. എന്നാൽ ശുചിമുറിയുടെ മേൽക്കൂര തകർത്ത് അകത്ത് കടന്ന പ്രതി പെൺകുട്ടികളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ രണ്ടാമത്തെ പെൺകുട്ടി പ്രതിയുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ശുചിമുറിയിൽ നിന്ന് ഓടി രക്ഷപെടുന്നതിന് ഇടയിൽ പെൺകുട്ടിയുടെ പല്ലിന് പരിക്കേൽക്കുകയായിരുന്നു.
ശബ്‌ദം കേട്ടെത്തിയ സമീപവാസികൾ പെൺകുട്ടികളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈംഗികാക്രമണത്തിൽ പെൺകുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി വൃത്തളെ അധീകരിച്ച് പൊലിസ് അറിയിച്ചു. പ്രതിയെ പൊലിസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തതായും പൊലിസ് മാധ്യമങ്ങളെ അറിയിച്ചു.
ബിഹാറിൽ ആൾക്കൂട്ട ആക്രമണം : അതേ സമയം ബിഹാറിലെ ഛപ്ര ജില്ലയിലെ റസൂൽപൂർ മേഖലയിൽ ചൊവ്വാഴ്‌ച നിരോധിത മാംസം കൊണ്ടുപോയി എന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. സിവാൻ ജില്ലയിലെ ഹസൻപുര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ എം എച്ച് നഗർ സ്വദേശിയായ നസീബ് ഖുറേഷിയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്. കേസിന്‍റെ ഗൗരവം പരിഗണിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ ച നസീബ്, അനന്തരവൻ ഫിറോസ് അഹമ്മദ് ഖുറേഷിയോടൊത്ത് ജോഗിയ ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. ഇരുവരും ജോഗിയ മസ്‌ജിദിലെത്തിയപ്പോൾ പെട്ടെന്ന് ഒരു സംഘമാളുകൾ അവരെ വളഞ്ഞു. സുശീൽ സിംഗ്, രാജൻ ഷാ, അഭിഷേക് ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിക്ക് സമീപം തടിച്ചുകൂടി നസീബിനെ വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
തുടര്‍ന്ന് നസീബിനെ അവർ തെരുവിൽ ഉപേക്ഷിക്കുകയും സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്‌തു. തുടർന്ന് പ്രദേശവാസികള്‍ നസീബിനെ പട്‌നയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ഹസൻപുര പൊലീസ് സ്‌റ്റേഷൻ മേധാവി പങ്കജ് താക്കൂർ പറഞ്ഞു.
Also Read:- ഓഹരികൾ വിൽക്കും ; വൈദേകം റിസോര്‍ട്ടുമായുള്ള ബന്ധം ഒഴിയാന്‍ ഇ പി ജയരാജന്‍റെ കുടുംബം