പട്‌ന: ബിഹാറിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നതെന്ന് ബിഹാർ കോൺഗ്രസ് നേതാവ് ഭക്ത ചരൺദാസ്. കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ബിഹാറിലെ 36 ജില്ലകളിലാണ് പാർട്ടി കിസാൻ യാത്ര നടത്തിയത്. ബിഹാറിലെ മുഴുവൻ കർഷകരും ഇതിൽ കോൺഗ്രസിനെ പിന്തുണച്ചിരുന്നു.
also read:കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
നിലവിൽ ബിഹാർ കോൺഗ്രസിൽ കമ്മറ്റികൾ രൂപീകരിച്ചിട്ടില്ല. ഇത് ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ഉടൻ കൂടിക്കാഴ്‌ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ യോഗത്തിൽ ബിഹാറിൽ കോൺഗ്രസിനെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ച് ചർച്ച നടക്കും. ബിഹാർ കോൺഗ്രസിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ് മദൻ മോഹൻ ജായുടെ കാലാവധി അവസാനിക്കുന്നതിനാൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കോൺഗ്രസ്, ആർജെഡി സഖ്യം ബിഹാറിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാർ സർക്കാരിന്‍റെ അശ്രദ്ധമൂലം നിരവധി പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ബിഹാറിലെ ആരോഗ്യ സംവിധാനം പൂർണമായും തകർന്ന നിലയിലാണ്.
തൊഴിലില്ലായ്മ കുതിച്ചുയരുന്നുണ്ട്. ഇതിൽ നിന്നെല്ലാമൊരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.