ഭുവനേശ്വർ: ചന്ദ്രഗ്രഹണ ദിനത്തിൽ ബോധവത്കരണത്തിന്‍റെ ഭാഗമായി ബിരിയാണി വിതരണം ചെയ്‌തതിനെ തുടര്‍ന്ന് സംഘപരിവാര്‍ ആക്രമണം. പരിപാടിയുടെ സംഘാടകരായ യുക്തിവാദി സംഘത്തിനുനേരെയുണ്ടായ കൈയേറ്റത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച ഒഡിഷയിലെ ബെർഹാംപൂരിലുണ്ടായ സംഭവത്തില്‍ 12 പേര്‍ പിടിയിലായി.
ലോഹ്യ അക്കാദമി വളപ്പിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് യുക്തിവാദ സംഘത്തില്‍പ്പെട്ടവരെ ഹിന്ദുത്വ സംഘടനകളില്‍പ്പെട്ട ആളുകള്‍ കൈയേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്‌തത്. സ്ഥിതിഗതികൾ വഷളായതോടെ സമൂഹ വിരുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നവരെയും ആക്രമികള്‍ മർദിച്ചു. ഭക്ഷണം വിതരണം ചെയ്‌തിടത്തേക്ക് ചാണകം വലിച്ചെറിയുകയും ചെയ്‌തു.
ചന്ദ്ര, സൂര്യ ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതുകൊണ്ട് യാതൊരുവിധ ദോഷവുമില്ലെന്ന് ബോധവത്‌കരിക്കാനായിരുന്നു യുക്തിവാദി സംഘം ബിരിയാണി വിതരണം നടത്തിയത്. ഇതേക്കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്ററുകളും സംഘം നശിപ്പിച്ചു. അതേസമയം, സംഭവത്തില്‍ താൻ സംസ്ഥാന സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തുന്നതായി യുക്തിവാദ സംഘത്തിലെ പ്രതിനിധി ജനേഷ് ദാസ് പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഒക്‌ടോബർ 28ന് സൂര്യഗ്രഹണമുണ്ടായപ്പോഴും സമാനവിഷയത്തില്‍ ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഗ്രഹണ സമയത്ത് ഭക്ഷണം ഉപേക്ഷിക്കുന്നത് അന്ധവിശ്വാസമാണെന്ന് യുക്തിവാദികള്‍ ഉന്നയിച്ചതിനെ സ്വാമി നിശ്ചലാനന്ദ സരസ്വതിയും നിരവധി ഹിന്ദുമത സന്യാസിമാരും തള്ളിക്കളഞ്ഞിരുന്നു.