ഭോപ്പാൽ: രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് കേസുകൾ വർദ്ധിച്ചുവരികയാണ്. രോഗം വർധിക്കുന്നതിനിടെ ഭോപ്പാലിലെ ആശുപത്രികളില്‍ ആംഫോട്ടെറിസിൻ ബി കുത്തിവയ്പ്പുകൾ തീർന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹമിദിയ ആശുപത്രിയിൽ മരുന്ന് സ്റ്റോക്കുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ആയപ്പോള്‍ സ്ഥിതി മാറി. കുത്തിവെപ്പിനായി ആശുപത്രിയില്‍ എത്തിയവര്‍ക്കെല്ലാം നിരാശരായി മടങ്ങേണ്ടി വന്നു. നിലവിൽ 600 ഓളം കറുത്ത ഫംഗസ് കേസുകൾ മധ്യപ്രദേശിൽ മാത്രമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ കൊളജിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുത്തിവെപ്പില്ലാതെ രോഗികൾക്ക് സുഖം പ്രാപിക്കാൻ പ്രയാസമാണ്.
Read Also……മധ്യപ്രദേശില്‍ ആശങ്ക സൃഷ്ടിച്ച് കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ്
രോഗം മൂര്‍ഛിച്ച അവസ്ഥയില്‍ എത്തുന്നവര്‍ക്ക് പോലും നല്‍കാന്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത അവസ്ഥയാണ്. ആശുപത്രി ചുമരുകളില്‍ മരുന്ന് സ്റ്റോക്കില്ലെന്ന ബോര്‍ഡുകള്‍ പതിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇനി എങ്ങോട്ട് പോകണമെന്നാണ് പലരും ചോദിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആളുകള്‍ പറയുന്നത്.
അതേസമയം ഇന്ന് തന്നെ മരുന്ന് ആശുപത്രികളില്‍ എത്തുമെന്ന് മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. മരുന്ന് ഇല്ലാത്തത് പോരായ്മയാണെന്ന് സമ്മതിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത ഏഴ് ദിനങ്ങള്‍ ജനങ്ങള്‍ വീടുകളില്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയുമെന്നും അതിലൂടെ നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാൻ, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ബിഹാർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ 1897 ലെ പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 2 പ്രകാരം മ്യൂക്കോർമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,375 കൊവിഡ് കേസുകളും 75 മരണങ്ങളുമാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തത്.