മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യൂസഫ് മേമൻ (57) മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു യൂസഫ് മേമന്‍. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് ജയിൽ അധികൃതർ അറിയിച്ചു. നാസിക് പൊലീസ് കമ്മീഷണർ വിശ്വാസ് നംഗ്രെ പാട്ടീലാണ് മേമന്‍റെ മരണം സ്ഥിരീകരിച്ചത്.
മുംബൈ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ടൈഗർ മേമന്‍റെ സഹോദരനാണ് യൂസഫ് മേമൻ. ഇയാള്‍ ഒളിവിലാണ്. 1993 മാർച്ച് 12 നാണ് മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ 257 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ടൈഗർ മേമനും ദാവൂദ് ഇബ്രാഹിമും ചേർന്നാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. 2007 ൽ മുംബൈയിലെ ടാഡ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച യൂസഫ് മേമനെ ആദ്യം ഔറംഗാബാദ് ജയിലിലേക്കും പിന്നീട് നാസിക്കിലേക്കും മാറ്റുകയായിരുന്നു. സ്ഫോടനക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ മറ്റൊരു സഹോദരൻ യാക്കൂബ് മേമനെ 2015 ൽ തൂക്കിലേറ്റി.