ചെന്നൈ: തൂത്തുക്കുടി സന്ദര്‍ശനത്തിനിടെ ചലച്ചിത്ര താരം രജനീകാന്തിനെ ചോദ്യം ചെയ്‌ത യുവാവ് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടി വെടിവെപ്പിനിടെ പരിക്കേറ്റ സന്തോഷ് രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 2018ല്‍ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സന്തോഷിന് പരിക്കേറ്റത്. ഇതിന് പിന്നാലെ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ രജനീകാന്തിനോട് താന്‍ ആരാണെന്ന് ചോദിക്കുകയും രജനി തിരിച്ച് ഞാന്‍ രജനീകാന്താണെന്ന് പറയുകയും ചെയ്‌തിരുന്നു. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് വിഷയത്തില്‍ രജനീകാന്ത് പ്രതികരിക്കാന്‍ വൈകിയതായിരുന്നു യുവാവിന്‍റെ രോക്ഷപ്രകടനത്തിന് കാരണം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തിരുന്നു.
തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.