ന്യൂഡൽഹി: മാസ്ക് ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 17 കാരനെ കുത്തി കൊലപ്പെടുത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്‌പുരിയിലാണ് സംഭവം. സൽമാൻ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാന പ്രതി അഫ്സറിനെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റുള്ളവരെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ ഏരിയയിലെ ഫാക്ടറിയിൽ രണ്ട് പേർ തമ്മിൽ വാക്കേറ്റം ഉണ്ടായതായും ഇതിനിടെയിൽ സൽമാന് പരിക്കേറ്റതായും പൊലീസ് പറയുന്നു. പരിക്കേറ്റ സൽമാനെ മസിഡിയ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മരിച്ചയാളുടെ പിതാവ് ഖമർ കഴിഞ്ഞ കഴിഞ്ഞ ഒരാഴ്ചയായി മുംതാസ് എന്നയാൾക്ക് 10 രൂപ നിരക്കിൽ മാസ്ക് നിർമ്മിച്ച് നൽകിയിരുന്നതായും കുറച്ച് ദിവസങ്ങൾക്ക് ശേഷം മുംതാസ് തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ ഏരിയയിലെ ഗാലി നമ്പർ 20 ൽ ഫാക്ടറിയുള്ള അക്തറിൽ എന്നയാളിൽ നിന്ന് ഒമ്പത് രൂപ നിരക്കിൽ മാസ്‌ക്കുകൾ വാങ്ങാൻ ആരംഭിച്ചതായും ഇത് തർക്കത്തിന് വഴിവെച്ചു എന്നും പൊലീസ് പറയുന്നു. സംഭവത്തെ ചൊല്ലി രൂക്ഷമായ തർക്കമുണ്ടായതായും സൽമാനും അഫ്സറും തമ്മിൽ വാക്കേറ്റമുണ്ടായതായും ഡിസിപി പറഞ്ഞു. തുടർന്ന് അഫ്സർ സൽമാനെ കത്രിക ഉപയോഗിച്ച് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ പി മീന പറഞ്ഞു.
സംഭവത്തിൽ അഫ്സർ (28), അക്തർ (61), മകൻ ഗുലം മുഹമ്മദ് (29), പ്രായ പൂർത്തിയാകാത്ത മറ്റൊരാൾ എന്നിവർക്കെതിരെ ഗോവിന്ദ്പുരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.