ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അവശ്യ മരുന്നുകളുടെയും ആരോഗ്യ ഉപകരണങ്ങളുടേയും ജി.എസ്.ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് 18% ഫേസ് മാസ്കുകള്‍, പാരസെറ്റാമോള്‍, പിപിഇ കിറ്റ്, വെന്‍റിലേറ്റര്‍, എന്നിവക്ക് 12% എന്നിങ്ങനെയാണ് നിലവിലെ ജി.എസ്.ടി. ഇത് ആശുപത്രികള്‍ക്കും രോഗികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
നികുതി ഘടന പരിഷ്കരിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ശ്രീനിവാസ് ബി.വി പറഞ്ഞു. സാനിറ്റൈസറുകള്‍ക്കും ഫേസ് മാസ്കുകള്‍ക്കുമായി വലിയ തുകയാണ് ജനങ്ങള്‍ മുടക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കൊറോണക്കെതിരായ പോരാട്ടത്തെ തളര്‍ത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ജിഎസ്ടി ഫ്രീ കൊറോണ ഹാഷ് ടാഗ് ക്യാമ്പയിനിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നുണ്ട്.