ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഡല്‍ഹി എംയിസില്‍ ഒരു ജീവനക്കാന്‍ കൂടി മരിച്ചു. ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന ജീവനക്കാരനാണ് മരിച്ചത്. മുന്‍ റെസിഡന്‍ഷ്യല്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) പ്രസിഡന്‍റ് ഡോ. അമരേന്ദ്രര്‍ സിംഗ് മല്‍ഹി ജീവനക്കാരന്‍റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. കൊവിഡ് മുന്‍നിര പോരാളികളെയാണ് രോഗം വളരെ അധികം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹി എംയിസില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു മെസ് ജീവനക്കാരന്‍ മരിച്ചത്. മെസ് ജീവനക്കാരന്‍റെ മരണത്തെ തുടര്‍ന്ന് മെസുകളുടെ സുരക്ഷയെ ചോദ്യം ചെയ്‌ത് ആര്‍ഡിഎ സംഘടന രംഗത്തെത്തിയിരുന്നു. മെസുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.