ഭോപ്പാൽ: ഭോപ്പാലിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് എതിർ സ്ഥാനാർഥിയായിരുന്ന പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. മഹാത്മ ഗാന്ധിയുടെ കൊലയാളിയുടെ പ്രത്യയശാസ്ത്രം വിജയിച്ചതിൽ ആശങ്കയുണ്ടെന്നും രാഷ്ട്രപിതാവിന്‍റെ ആദർശങ്ങള്‍ നഷ്ടപ്പെട്ടെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ് പറഞ്ഞു.
മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ പ്രഗ്യ സിങ് ഠാക്കൂർ മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിശേഷിപ്പിച്ച് അടുത്തിടെ നടത്തിയ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു. ഇത് ക്ഷമാപണം നടത്തി പാര്‍ട്ടി നടത്തി മുന്നോട്ട് വന്നു.
2014ലെ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ബിജെപി 280ൽ കൂടുതൽ സീറ്റുകള്‍ നേടുമെന്ന് പറയുകയും അത് നേടുകയും ചെയ്തു. ഇത്തവണയും 300ലധികം സീറ്റുകള്‍ നേടുമെന്ന് പറയുകയും, അത് സ്വന്തമാക്കുകയും ചെയ്തു. ഇത്ര കൃത്യമായി ബിജെപിക്ക് ഇങ്ങനെ പ്രവചിക്കാന്‍ എന്ത് മാന്ത്രികതയാണുള്ളതെന്ന് ദിഗ് വിജയ് സിങ് ചോദിച്ചു.
ബിജെപി സര്‍ക്കാരിന് ദേശീയ സുരക്ഷയിൽ വന്ന പാളിച്ചയെയും അദ്ദേഹം ചോദ്യം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടക്ക് ജീവന്‍ നഷ്ടമായ സൈനികരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.