അഹമ്മദാബാദ്: റിലയൻസ് ഇൻഡസ്ട്രീസ് വികസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയായി അറിയപ്പെടുന്ന ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആന്‍റ് റിഹാബിലിറ്റേഷൻ കിങ്‌ഡം ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഗുജറാത്തിലാണെന്നും മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി എം കെ ദാസ് പറഞ്ഞു. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയും ഗുജറാത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃഗങ്ങളുടെ എണ്ണവും ഇനങ്ങളും കണക്കിലെടുക്കുമ്പോൾ ജാംനഗറിലെ മൃഗശാല ഏറെ വ്യത്യസ്ഥമായിരിക്കും. വെള്ളിയാഴ്ച വെർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 250.1 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാകും മൃഗശാലയെന്നും കേന്ദ്ര മൃഗശാല അതോറിറ്റി അപ്‌ലോഡ് ചെയ്ത കാര്യങ്ങള്‍ വിവരിച്ച് അദ്ദേഹം പറഞ്ഞു.
മൃഗശാല നിര്‍മിക്കുന്നതിനുള്ള പ്ലാനിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ ആഫ്രിക്കൻ സിംഹം, ചീറ്റ, ജാഗ്വാർ, ഇന്ത്യൻ വുൾഫ്, ഏഷ്യാറ്റിക് ലയൺ, പിഗ്മി ഹിപ്പോ, ഒറംഗുട്ടാൻ, ലെമൂർ, ഫിഷിങ് ക്യാറ്റ്, സ്ലോത്ത് ബിയർ, ബംഗാൾ ടൈഗർ, മലയൻ ടാപ്പിർ, ഗോറില്ല, സെബ്ര, ജിറാഫ്, ആഫ്രിക്കൻ ആന, കൊമോഡോ ഡ്രാഗൺ എന്നിവയെ മൃഗശാലയുടെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.