ന്യൂഡൽഹി: കൊവിഡ് മൂലം ലോകം അഭൂതപൂർവമായ വെല്ലുവിളി നേരിടുന്നുവെന്നും പ്രതിസന്ധി മറികടക്കാൻ യാഥാസ്ഥിത ചിന്തകൾക്കപ്പുറത്തേക്ക് പോകേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. ആസിയാൻ-ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് തിങ്ക് ടാങ്ക്സ് ആറാമത്തെ വട്ടമേശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങൾ, കൂടുതൽ ക്രിയാത്മകമായ ആശയങ്ങൾ എന്നിവ ഈ പ്രതിസന്ധി മറികടക്കാൻ ആവശ്യമുണ്ട്. സുരക്ഷ, കണക്റ്റിവിറ്റി, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം എന്നിവ ചർച്ചകളിൽ ഇടം നേടണം. ലോകം ഇനി ഒരിക്കലും സമാനമാകില്ല അതിനർഥം നമുക്ക് പുതിയ ചിന്തയും ആശയങ്ങളും ഭാവനയും തുറന്ന മനസ്സും ആവശ്യമാണ്.
വ്യാപാരം, രാഷ്ട്രീയം, സുരക്ഷ എന്നിങ്ങനെയുള്ള യാഥാസ്ഥിതികതകൾക്ക് അപ്പുറത്തേക്ക് നാം പോകേണ്ടതുണ്ട്. ഇവയെല്ലാം പതിവായി ചർച്ച ചെയ്യുന്ന കാര്യങ്ങളാണ്. നേരെ മറിച്ച്, കൊവിഡിന്‍റെ സ്വാധീനം നമ്മുടെ ഭാവനയ്ക്ക് അതീതമാണ്. പ്രവചിക്കപ്പെടുന്ന ലോക സമ്പദ്‌വ്യവസ്ഥ തീർച്ചയായും മഹാമാന്ദ്യത്തിനു ശേഷം ഏറ്റവും വലുതായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള 22,556,346 പേർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. 15,288,855 ൽ അധികം പേർ സുഖം പ്രാപിച്ചു. ഇതുവരെ 789,969 പേർ മരിച്ചു. ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. കൂട്ടായ പരിഹാരങ്ങൾക്കായി അന്താരാഷ്ട്ര സമൂഹം കൂടുതൽ ആത്മാർത്ഥമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.