ഗാന്ധിനഗർ: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്തള്ളി ആ സ്ഥാനം പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് അഹമ്മദാബാദിലെ മൊട്ടേറ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ മേൽനോട്ടത്തിൽ 800 കോടി ചെലവിൽ ഒരുങ്ങുന്ന സ്റ്റേഡിയം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ചേർന്ന് ഉദ്ഘാടനം ചെയ്യും. 2017 ജനുവരിയിൽ അഹമ്മദാബാദിലെ സബർമതി പ്രദേശത്താണ് 1,10,000 കാണികൾക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്‍റെ നിർമാണം ആരംഭിച്ചത്.
തൂണുകളില്ലാത്ത രാജ്യത്തെ ആദ്യ സ്റ്റേഡിയത്തിൽ ആകർഷകമായ നിരവധി സവിശേഷതകളാണ് ഉള്ളത്. ശീതീകരിച്ച 75 കോർപ്പറേറ്റ് ബോക്സുകൾ, ക്രിക്കറ്റ് അക്കാദമി, ആഢംബര ക്ലബ് ഹൗസുകൾ, അൾട്രാ മോഡേൺ എൽഇഡി ലൈറ്റ്, സൗണ്ട് സിസ്റ്റം, ഇൻഡോർ വേദികൾ എന്നിവ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫിസിയോ തെറാപ്പി, ഹൈഡ്രോ തെറാപ്പി സൗകര്യം, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല എന്നിവയും ഒരുക്കിയിട്ടുണ്ട്. കറുപ്പും ചുവപ്പും നിറത്തിലാണ് ആകർഷകമായ പതിനൊന്ന് പിച്ചുകൾ നിർമിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന് പുറത്ത് 3,000 കാറുകളും 10,000 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റൊരു സ്റ്റേഡിയത്തിലും ഇത്രയും വലിയ പാർക്കിംഗ് സൗകര്യമില്ല. നിലവിലെ വലിയ സ്റ്റേഡിയമായ മെൽബണിൽ ഇരിപ്പിടം 62000 പേർക്ക് വേണ്ടി മാത്രമാണ്.
മഴവെള്ളം അരമണിക്കൂറിൽ ഒഴുക്കിക്കളഞ്ഞ് പിച്ച് വേഗം ഉണക്കുന്ന തരത്തിലുള്ള ഡ്രൈയിനേജ് സംവിധാനവും ഇവിടെ തയ്യാറാണ്. ക്രിക്കറ്റിന് പുറമേ ഫുട്ബോൾ, ഹോക്കി, ഖോ-ഖോ, കബഡി, വോളിബോൾ, ബാസ്കറ്റ് ബോൾ, ടെന്നീസ്, ബാഡ്മിന്റൺ എന്നിവ കളിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമല്ല കായിക പ്രേമികൾക്കാകെയുള്ള സമ്മാനമാണ് മൊട്ടേറ സ്റ്റേഡിയം. ക്രിക്കറ്റ് കരിയർ ആക്കാൻ ആഗ്രഹിക്കുന്ന യുവ ജനതക്ക് പരിശീലനത്തിന് ക്രിക്കറ്റ് അക്കാദമിയും ഇവിടെയുണ്ട്. ഗുജറാത്ത് മെട്രോ റെയിൽ ഇവിടേക്ക് നീട്ടുന്നതോടെ യാത്ര സൗകര്യവും വർദ്ധിക്കും. ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലസിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ കായിക പ്രേമികൾക്കായി വലിയ സമ്മാനം ഒരുക്കിയിരിക്കുന്നത്.