ഹൈദരാബാദ്: ഇന്ന് ലോക പരിസ്ഥിതി ദിനം. ജൈവവൈവിധ്യം ആഘോഷമാക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ജർമ്മനിയുമായി സഹകരിച്ച് കൊളംബിയ ആതിഥേയത്വം വഹിക്കും. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ പരിസ്ഥിതി ദിനം ആരംഭിച്ചത്.
ബ്രസീൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മുൾപടപ്പുകളെ ഇല്ലാതാക്കിയ കാട്ടുതീ മുതൽ കിഴക്കൻ ആഫ്രിക്കയിലുടനീളമുള്ള വെട്ടുക്കിളി ബാധകൾ വരെയുള്ള സമീപകാല സംഭവങ്ങൾ ഓർത്തെടുക്കേണ്ടതാണ്.ലോക ജനതയെ മുഴുവൻ കാർന്നു തിന്നുന്ന കൊറോണ വൈറസ് എന്നിങ്ങനെ പ്രശ്നങ്ങളുടെ തീരാവലയത്തിനുള്ളിൽ ദിക്കറിയാതെ കറങ്ങുകയാണ് ജനങ്ങൾ.
നമ്മൾ കഴിക്കുന്ന ഭക്ഷണം, ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വാസയോഗ്യമാക്കുന്ന കാലാവസ്ഥ- ഇവയെല്ലാം നാം നിസ്സാരമായി കാണുന്നു. ഈ വർഷങ്ങളിലെല്ലാം സ്വയം ഇല്ലാതായികൊണ്ടിരുന്ന ഭൂമി നിശബ്ദതമായി ഇവയെല്ലാം കണ്ടുനിന്നു.
കൊവിഡ് മനുഷ്യൻ സൃഷ്ടിച്ചതിനെയെല്ലാം നിശ്ചലമാക്കിയപ്പോൾ പ്രകൃതി തന്‍റെ സ്വത്തുക്കളെല്ലാം വീണ്ടെടുക്കുകയാണ്. അവൾ സ്വയം ശ്വസിക്കുകയും സ്വയം ശുദ്ധീകരിക്കുകയും ചെയ്യുന്നു.ബാക്കിയാകുന്ന ജീവനും ജീവിതങ്ങൾക്കും വേണ്ടി ഇനിയെങ്കിലും തിരിഞ്ഞുനോക്കാം.