മുംബൈ: പൗരത്വ ഭേദഗതി ബില്ലിന് രാജ്യസഭയിൽ ശിവസേനയുടെ പിന്തുണ ഉറപ്പാക്കേണ്ടെന്ന് പാർട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. നിർദിഷ്ട ഭേദഗതി ബില്ലിലെ കാര്യങ്ങൾ വ്യക്തമല്ലെങ്കിൽ ബില്ലിന് പിന്തുണ നൽകില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
ലോക്സഭയിൽ ഇന്നലെ ചോദിച്ച ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ബിൽ രാജ്യസഭയിലേക്ക് കൊണ്ടുവരുമ്പോൾ സർക്കാർ മാറ്റങ്ങൾ വരുത്തണം. എന്നാൽ മാത്രമെ ബില്ലിന് പിന്തുണ നൽകുവെന്നും താക്കറെ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശീയ താൽപര്യം കണക്കിലെടുത്ത് ലോക്സഭയിലേതു പോലെ രാജ്യസഭയിലും ബില്ലിനുള്ള പിന്തുണ തുടരുമെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് താക്കറെയുടെ പ്രതികരണം.
ലോക്സഭയിൽ ബില്ലിന് സേന പിന്തുണ നൽകിയിരുന്നു. പാർട്ടി മുഖപത്രമായ 'സാമ്ന' ബില്ലിനെ ശക്തമായ വിമർശിച്ചതിന് പിന്നാലെയാണ് എം.പിമാർ ബില്ലിന് അനുകൂലമായി ലോക്സഭയിൽ വോട്ട് രേഖപ്പെടുത്തിയത്.
വൻ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെയാണ് ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.