കൊച്ചി: യുദ്ധക്കപ്പലുകളില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും സ്ത്രീ സൗഹാർദ സൗകര്യങ്ങൾ ഏർപ്പെടുത്താനുമുള്ള പദ്ധതികളുണ്ടെന്ന് ഇന്ത്യൻ നാവികസേന. ഇന്ത്യയില്‍ നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനിക്കപ്പൽ 'വിക്രാന്ത്' സ്ത്രീ സൗഹാർദപരമായിരിക്കുമെന്നും ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ അനിൽ കുമാർ ചാവ്‌ല പറഞ്ഞു.
സേനകള്‍ വനിതാസൗഹൃദമാണെങ്കിലും മികവിനാണ് പ്രധാന്യം നല്‍കുന്നതെന്നും നാവികദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നാവികസേനയില്‍ ആദ്യത്തെ വനിതാ പൈലറ്റ് സബ് ലഫ്റ്റന്‍റ് ശിവാംഗി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. യുദ്ധക്കപ്പലുകളില്‍ വനിതകളെ ഓഫീസര്‍മാരാക്കുന്നതിനുള്ള പ്രായോഗിക തടസങ്ങള്‍ പരിഹരിക്കണം. പെട്ടെന്നൊരു ദിവസം പേരിന് ഒരാളെ മാത്രം യുദ്ധക്കപ്പലിൽ നിയോഗിച്ചിട്ടു കാര്യമില്ല. അർഹതയും കഴിവുമുള്ളവരെ കൂട്ടമായിത്തന്നെ നിയോഗിക്കണം. അതു തുടരുകയും വേണം. ശുചിമുറി, താമസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ വനിതകളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പല്‍ വിക്രാന്ത് 2021ല്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും ദക്ഷിണ നാവിക കമാൻഡ് മേധാവി അനിൽ കുമാർ ചാവ്‌ല അറിയിച്ചു.