ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌ത്രീയുടെ മൃതദേഹം കഷ്‌ണങ്ങളാക്കി സ്യൂട്ട്‌കേസിലൊളിപ്പിച്ച നിലയില്‍ കണ്ടെത്തി. ബാരബങ്കി ജില്ലയിലെ സഫേദാബാദിലെ ഫാക്‌ടറിക്ക് സമീപമാണ് അജ്ഞാതയായ സ്‌ത്രീയുടെ മൃതദേഹം കഷ്‌ണങ്ങളാക്കി സ്യൂട്ട്‌കേസിലും പോളിത്തീന്‍ ബാഗിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഫാക്‌ടറിക്ക് പുറത്ത് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്‌ച പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 20 വയസ് പ്രായം മതിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ സുശീല്‍ കുമാര്‍ സിങ് പറഞ്ഞു.
പോളിത്തീന്‍ ബാഗില്‍ തലയും, കാലും സ്യൂട്ട്‌കേസിനുള്ളില്‍ മറ്റ് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉണ്ടെന്ന് തോന്നുന്നതായി പൊലീസ് സുപ്രണ്ട് അരവിന്ദ് ചതുര്‍വേദി പറഞ്ഞു. ബാഗില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റെവിടെ നിന്നെങ്കിലും കൊല്ലപ്പെട്ടതിന് ശേഷം മൃതദേഹം ഫാക്‌ടറിക്ക് സമീപം ഉപേക്ഷിച്ചതായാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും അരവിന്ദ് ചതുര്‍വേദി പറഞ്ഞു.