ഭുവനേശ്വര്‍: ഒഡിഷയിലെ കാലഹന്ദി ജില്ലയില്‍ ഇരുപത്തിയാറുകാരിയെ ഭര്‍ത്താവിന്‍റെ സഹപ്രവര്‍ത്തകനും മറ്റ് രണ്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഗോവയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്‍റെ സഹപ്രവര്‍ത്തകന്‍ ഭര്‍ത്താവ് കൊടുത്തയച്ച ചില സാധനങ്ങള്‍ എത്തിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെ ഭര്‍ത്താവിന്‍റെ അച്ഛന്‍റെയും അമ്മയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് യുവാവ് വീട്ടില്‍ താമസിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാത്രി എടിഎമ്മിലേക്ക് പോകുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി മറ്റ് രണ്ട് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ യുവതിയെ സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയും സംഭവം ആരോടും വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭവാനിപത്ന സര്‍ദാര്‍ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും മോട്ടോര്‍ ബൈക്ക്, സ്കൂട്ടര്‍, യുവതിയുടെ എടിഎം കാര്‍ഡ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളുടെയും യുവതിയുടെയും വൈദ്യപരിശോധന നടത്തുകയും യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.