ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹൈദരാബാദിലെ വ്യാപാരികൾ സ്വമേധയാ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപനം സർക്കാർ നിരസിച്ചെങ്കിലും ഒരാഴ്‌ച മുതൽ രണ്ടാഴ്‌ച വരെ കടകൾ അടച്ചിടാനാണ് വ്യാപാരികളുടെ തീരുമാനം. ഹൈദരാബാദിലെ പ്രധാന വ്യാപാര കേന്ദ്രമായ ബീഗം ബസാറിലെ കടകളുടെ പ്രവൃത്തിസമയം കുറച്ചു. മുൻകരുതലിന്‍റെ ഭാഗമായി മറ്റ് മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളും കണ്ടെയ്‌ൻമെന്‍റ് സോണുകളിലുള്ള കടകളും അടച്ചു.
കൊവിഡ് വ്യാപനം തടയുന്നതിനായി സെക്കന്ദരാബാദിലുള്ള വസ്‌ത്ര വ്യാപാര സ്ഥാപനങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്വമേധയാ അടച്ചു. വർധിച്ചുവരുന്ന കേസുകളിൽ ആശങ്കയുണ്ടെന്നും ജനങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുത്തതെന്നും വ്യാപാരികളുടെ സമിതി പറഞ്ഞു. ഹൈദരാബാദ് കിരാന മർച്ചന്‍റ്‌സ് അസോസിയേഷനും ഹൈദരാബാദ്, സെക്കന്ദരാബാദ് സാനിറ്ററി അസോസിയേഷനും അടുത്ത കുറച്ച് ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്ന് അറിയിച്ചു.
പ്രധാന വാണിജ്യ കേന്ദ്രമായ ട്രൂപ്പ് ബസാർ, ചരിത്രപ്രാധാന്യമുള്ള ലാഡ് ബസാർ എന്നിവിടങ്ങളിലെ വ്യാപാരികളും സമാനമായ തീരുമാനം എടുത്തു. പതർ ഗട്ടിയിലെ കടകൾ ഇന്നലെ മുതൽ അടച്ചു. തെലങ്കാനയിൽ 891 പുതിയ കേസുകളാണ് ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 719 കേസുകളും ഹൈദരാബാദിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10,444 ആയി ഉയർന്നു. ഹൈദരാബാദിൽ മാത്രം സ്ഥിരീകരിച്ചത് 5,883 കേസുകളാണ്.
വ്യാപാരികളുടെ തീരുമാനത്തെ ഹൈദരാബാദ് എംപി അസദുദീൻ ഒവൈസി സ്വാഗതം ചെയ്‌തു. സാമൂഹിക അകലം ഉറപ്പാക്കണമെന്നും വലിയ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അനാവശ്യമായി പുറത്ത് പോകരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ആരും പരിഭ്രമിക്കേണ്ട ആവശ്യമില്ല. കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ അപ്പോൾ തന്നെ ചികിത്സ നേടുക. പ്രായമാവരെയും മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവരെയും സംരക്ഷിക്കുകയെന്നും ഒവൈസി ട്വിറ്ററിൽ കുറിച്ചു. അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തേഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പ്രസിഡന്‍റ് അസദുദീന്‍ ഒവൈസി എല്ലാവരോടും കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് അഭ്യർഥിച്ചു.