ചണ്ഡീഗഢ്: തൊഴിലില്ലായ്‌മയിലും കർഷകരുടെ പ്രതിസന്ധിയിലും ബി.ജെ.പി സർക്കാരിന്‍റെ അനാസ്ഥയെ വിമർശിച്ച് രാഹുൽ ഗാന്ധി. ഹരിയാനയിൽ ഒക്ടോബർ 21ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നുഹ് ജില്ലയിലെ മരോറയിൽ നടത്തിയ പ്രചാരണ റാലിയിലാണ് കോൺഗ്രസ് നേതാവ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് പരാമർശിച്ചത്. മോദി സർക്കാരിന്‍റെ 'മൻ കീ ബാത്ത്' അല്ല മറിച്ച് 'കാം കീ ബാത്ത്' ആണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് പിന്തുണയുമായി നിൽക്കുന്ന കോർപ്പറേറ്റുകൾക്ക് 5.5 ലക്ഷം കോടി രൂപ നൽകിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അംബാനി, അദാനി പോലുള്ള കുത്തക മുതലാളിമാർക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നതെന്നും മോദി പാവപ്പെട്ടവനെ തഴയുകയാണെന്നും രാഹുൽ പറഞ്ഞു. "ബി.ജെ.പി ഇപ്പോൾ ചെയ്യുന്നത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ്‌കാരുടെ നയമാണ്. ഇതിനായി മതവും ജാതിയുമൊക്കെയാണ് ഉപയോഗിക്കുന്നത്." മാരുതിയും ടാറ്റയുമൊക്കെ അടച്ചു പൂട്ടിയത് തന്നെ രാജ്യത്തെ സാമ്പത്തിക തകർച്ചയാണ് സൂചിപ്പിക്കുന്നത്. ജനങ്ങൾ മോദിക്കെതിരെ തിരിയുന്ന കാലം വിദൂരമല്ലെന്നും മുൻ കോൺഗ്രസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്നും തിരിച്ച് കൊണ്ടുവരാൻ സർക്കാർ ചെയ്യേണ്ടത് പണം സാധാരണക്കാരന് തിരികെ നൽകുകയെന്നതാണ്. യുപിഎ സർക്കാരിന്‍റെ സാമ്പത്തിക വളർച്ചക്കായുള്ള എം.എൻ.ആർ.ജി.എ പദ്ധതി സമ്പദ്‌വ്യവസ്ഥയിലൊരു മുതൽക്കൂട്ടായിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണത്തിൽ വന്നാല്‍ സ്ത്രീകൾക്ക് തൊഴിൽ, കർഷകരുടെ വായ്‌പ എഴുതിത്തള്ളൽ, ഗുരുഗ്രാം മുതൽ അൽവാർ വരെ റെയിൽവെ പാത, നുഹിലിൽ സർവ്വകലാശാല, കോട്‌ല ജലസേചന പദ്ധതിയുടെ പൂർത്തീകരണം എന്നിവയും കോൺഗ്രസ് നേതാവ് ഉറപ്പു നൽകി.