ഇന്‍ഡോര്‍: പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സാമിക്ക് പത്മശ്രീ നല്‍കിയതിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ്. 2016ല്‍ ഇന്ത്യന്‍ പൗരനായി മാറിയ പാകിസ്ഥാന്‍ വംശജനാണ് അദ്‌നാന്‍ സാമി.
ഭരണഘടന സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മധ്യപ്രദേശില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ വ്യോമസേനയില്‍ സേവനമനുഷ്ടിച്ച അദ്‌നാന്‍ സാമിയുടെ പിതാവ് ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ദ്വിഗ് വിജയ് സിങ് ആരോപിച്ചു.
സാമി പാകിസ്ഥാനിൽ നിന്ന് വന്ന ഒരു കലാകാരനായതിനാൽ അദ്ദേഹത്തിന്‍റെ പേര് ഇന്ത്യന്‍ പൗരത്വത്തിനായി കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്തിരുന്നു. മോദി സർക്കാരിനു കീഴിൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കുന്നതിന് താന്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരെമറിച്ച് ശത്രുരാജ്യത്തിനെതിരെ പോരാടിയ അസമിലെ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ സനൗല്ലയെ രേഖകള്‍ കാണിക്കാന്‍ പരാജയപ്പെട്ടതിന്‍റെ പേരില്‍ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കുകയായിരുന്നു മോദി സര്‍ക്കാര്‍. ഇതാണ് മോദി സര്‍ക്കാരിന്‍റെ പൗരത്വ നിയമമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
2015ലാണ് ഇന്ത്യൻ പൗരത്വത്തിന് അദ്‌നാന്‍ സാമി അപേക്ഷിച്ചത്. 2016 ജനുവരിയില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുകയും ചെയ്തു. 2020ല്‍ അദ്നാന്‍ സാമി ഉള്‍പ്പടെ 118 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.