ന്യൂഡൽഹി: ഭീകരതയെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാൻ വഹിക്കുന്ന പങ്ക് ലോകത്തിന് അറിയാമെന്ന് വിദേശകാര്യ മന്ത്രാലയം. പുൽവാമ ആക്രമണത്തെക്കുറിച്ച് പാകിസ്ഥാന്‍റെ വെളിപ്പെടുത്തലിൽ പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. "പാകിസ്ഥാനെക്കുറിച്ചുള്ള സത്യവും ഭീകരതയെ പിന്തുണയ്ക്കുന്നതിൽ അതിന്‍റെ പങ്കും ലോകജനതയ്ക്ക് അറിയാം. ഒരു നിഷേധത്തിനും ഈ സത്യം മറയ്ക്കാൻ കഴിയില്ല." - അദ്ദേഹം പറഞ്ഞു.
പുൽവാമ ആക്രമണം ഇമ്രാൻ ഖാൻ സർക്കാരിന്‍റെ മഹത്തായ നേട്ടമാണെന്ന് പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഫെഡറൽ മന്ത്രി ഫവാദ് ചൗധരി പറഞ്ഞിരുന്നു . 40 ഓളം കേന്ദ്ര റിസർവ് പൊലീസ് സേനാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചു എന്നതിൽ രാജ്യം അഭിമാനിക്കണമെന്നും ഫവാദ് ചൗധരി പറഞ്ഞു.
ജമ്മു കശ്മീരിലെ ഭൂനിയമങ്ങളെ കുറിച്ചും പാകിസ്ഥാന്‍ പരാമർശം നടത്തി. അതേസമയം. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് അധികാരമില്ലെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.