പട്യാല: രാജ്യത്തെ ജനങ്ങളാകെ ആക്രമിക്കപ്പെടുമ്പോള്‍ ഹത്രസില്‍ താൻ നേരിട്ട അക്രമം അത്ഭുതപ്പെടുത്തുന്ന കാര്യമല്ലെന്ന് രാഹുല്‍ ഗാന്ധി. ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്ന സമയത്തുണ്ടായ സംഭവങ്ങളെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമാകെ അക്രമിക്കപ്പെടുമ്പോള്‍, ചെറിയ ഒരു ആക്രമണമാണ് എന്‍റെ നേരെയുണ്ടായത്. അത് വലിയ കാര്യമൊന്നുമല്ല. സാധാരണക്കാരെയും കര്‍ഷകരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എതിരെ ഉയര്‍ന്നുവരുന്നവരെ ആക്രമിക്കുന്ന സര്‍ക്കാരുകളാണ് ഇപ്പോഴുള്ളത്. ലാത്തി ചാര്‍ജ് നേരിടാൻ ഞങ്ങള്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യഥാര്‍ഥത്തില്‍ ആക്രമിക്കപ്പെട്ടത് ഞാനല്ല. ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബമാണ്. അതുകൊണ്ടാണ് ഞാൻ അവരെ സന്ദര്‍ശിക്കാൻ ശ്രമിച്ചത്. അവര്‍ ഒറ്റയ്‌ക്കല്ല എന്ന് എനിക്ക് അവരെ അറിയിക്കണമായിരുന്നു. പീഡനം അനുഭവിക്കുന്ന ലക്ഷക്കണക്കിന് സ്‌ത്രീകള്‍ക്ക് വേണ്ടിയാണ് ഞാൻ അവിടെ എത്തിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് ഞാൻ പറഞ്ഞിരുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഹത്രാസ് സംഭവത്തില്‍ പ്രതികരിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ വിമര്‍ശിച്ചു.
കാര്‍ഷിക നയങ്ങള്‍, ജിഎസ്‌ടി, കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍, ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിലും രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചു. ചൈന ഇന്ത്യൻ മേഖലകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് മോദി പറയുന്നത്. എന്നാല്‍ 1,200 സ്വകയര്‍ കിലോമീറ്റര്‍ ഭൂമി ചൈനയുടെ പക്കലാണ് എന്നതാണ് യാഥാര്‍ഥ്യം. അത് അവര്‍ക്കെങ്ങനെ സാധിച്ചു. സ്വന്തം പ്രതിച്ഛായയ്‌ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന നേതാവാണ് ഇവിടെയുള്ളതെന്ന് അവര്‍ക്കറിയാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് മോദിക്ക് ഒരു ധാരണയുമില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.