കൊൽക്കത്ത: സമീപ ഭാവി 'സൈക്കിളിന്‍റെ സുവര്‍ണ യുഗം' ആയിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യുകെ പാര്‍ലമെന്‍റിൽ പറയുകയുണ്ടായി. രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ പ്രസിദ്ധമായ ഹീറോ സൈക്കിളിന്‍റെ 'റോഡ് പെ ദിഖേഗി തബി തൊ ചലേഗി' എന്ന പരസ്യം സൈക്കിളുകളെ വീണ്ടും റോഡില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതും സൈക്കിള്‍ ഓടിക്കാന്‍ മാത്രമായി ഒരു പ്രത്യേക പാതയുടെ ആവശ്യം അറിയിക്കുന്നതിനുമായിരുന്നോ? എന്തായാലും ഇപ്പോള്‍ അതിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു എന്നുറപ്പാണ്.
കൊവിഡ് സാഹചര്യത്തിൽ 'ലോകം ഇരു ചക്രങ്ങളില്‍' എന്ന ആശയം പുതിയ പ്രവണതയായി മാറാന്‍ പോവുകയാണ്. മാത്രമല്ല, അതിന് പ്രത്യേകിച്ച് സജീവമായ പ്രചാരണങ്ങളുടെ ആവശ്യമില്ല. സാമൂഹിക അകലം പാലിക്കേണ്ട ഈ യുഗത്തില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പകരം ജോലി സ്ഥലങ്ങളിലേക്ക് പോകുവാന്‍ ആളുകള്‍ ഇരുചക്ര വാഹനങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ പോകുന്നു എന്ന കാര്യം ആരെയും അതിശയിപ്പിക്കുന്നില്ല. യൂറോപ്യന്‍ പാര്‍ലിമെന്‍റ് തങ്ങളുടെ ജീവനക്കാരോട് പൊതു ഗതാഗത സംവിധാനം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. 'നടക്കുക അല്ലെങ്കില്‍ ഇരുചക്ര വാഹനത്തില്‍ പോവുക, അതിനൊന്നും കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ സ്വകാര്യ കാര്‍ ഉപയോഗിക്കുക.' ശാരീരിക സമ്പര്‍ക്കം പരിമിതപ്പെടുത്താൻ സൈക്കിള്‍ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയും ഉപദേശിക്കുന്നത്.
വന്‍ തോതിലുള്ള പാരിസ്ഥിതികവും സാമ്പത്തികവുമായ ഗുണഫലങ്ങള്‍ ഉള്ളതിനാല്‍ സൈക്കിള്‍ സഞ്ചാരം ഏറ്റവും സുസ്ഥിരമായ ഒരു ഗതാഗത സംവിധാനമാണ് എന്നുള്ളതില്‍ സംശയമില്ല. വിനാശകാരിയായ വായു മലിനീകരണത്തെ തടുക്കാനായി കഴിഞ്ഞ കാലങ്ങളില്‍ സൈക്കിളുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ യാത്ര ചെയ്യാന്‍ ആളുകള്‍ എടുക്കുന്ന അധിക സമയവും സുരക്ഷിതമായ അകലം പാലിക്കാന്‍ പറ്റാത്തതും മൂലം ഗതാഗത സംവിധാനങ്ങൾ മാറാന്‍ പോവുകയാണ്. കൊവിഡാനന്തര യുഗത്തില്‍ ആവശ്യമായ സാമൂഹിക അകലം പാലിക്കുന്നതിനായി ഡല്‍ഹി മെട്രോക്ക് ആറിരട്ടി സർവീസുകള്‍ വർധിപ്പിക്കേണ്ടതായിട്ടുണ്ട്. മുംബൈയിലെ സബര്‍ബന്‍ റെയില്‍വെക്ക് 14 മുതല്‍ 16 വരെ ഇരട്ടി വികസനം ആവശ്യമായി വരും. ബാഗ്ലൂരിലെ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് 24000 ബസുകള്‍ അധികമായി ആവശ്യം വരും. പൊതു ഗതാഗത സംവിധാനത്തിന്‍റെ കഴിവ് കുറയുന്നതോടു കൂടി വന്‍ നഗരങ്ങളിലെ റോഡുകള്‍ പ്രത്യേകിച്ച് ചില അനുയോജ്യമായ ബദലുകള്‍ തേടേണ്ടി വരും. അത്തരം ഒരു സ്ഥിതിയിൽ സൈക്കിള്‍ സഞ്ചാരം തന്നെയായിരിക്കും ഏറ്റവും അനുയോജ്യമായത്.
അനുയോജ്യമാണെങ്കിലും അത്ര എളുപ്പമല്ല സൈക്കിള്‍ സഞ്ചാരം. സൈക്കിളിനു മാത്രമായി അതി വിശാലമായ ഒരു റോഡ് ശൃംഖല ആവശ്യമായി വരും. മോട്ടോര്‍ വാഹനങ്ങള്‍ ഓടുന്ന പാതകളില്‍ ഇതിന് പ്രത്യേക ഇടം കണ്ടെത്തി സൈക്കിളുകളോ അല്ലെങ്കില്‍ കാല്‍ നടക്കാരുമായി വഴി പങ്കിടുകയോ വേണ്ടി വരും. എന്നാല്‍ മാത്രമേ സുരക്ഷിതവും സുഗമവുമായ സൈക്കിള്‍ സഞ്ചാരം സാധ്യമാകൂ. ഡെൻമാര്‍ക്കും നെതര്‍ലാന്‍സും പോലുള്ള രാജ്യങ്ങളില്‍ നഗരങ്ങളിലെ പാതകളില്‍ ഇരുചക്ര വാഹങ്ങള്‍ക്കുള്ള പ്രത്യേക വിശാലമായ പാത ഒരുക്കിയിട്ടുണ്ട്. നെതര്‍ലാന്‍സിലെ 'ഫിയറ്റ്‌സ്‌പാഡ്' സൈക്കിള്‍ പാത കടകള്‍, വീടുകള്‍, സ്റ്റേഷനുകള്‍, സ്‌കൂളുകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലേക്ക് ദിവസം തോറും സൈക്കിളില്‍ യാത്ര ചെയ്‌ത് എത്താൻ പറ്റുന്ന രീതിയില്‍ ബന്ധിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്.
കൊവിഡ് ലോകത്താകമാനം തന്നെ 'തബി തൊ ചലേഗി' എന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല. ന്യൂയോര്‍ക്ക് തങ്ങളുടെ പാതകളില്‍ 40 മൈലോളം സൈക്കിള്‍ പാതകള്‍ കൂട്ടിച്ചേർത്തു. ബൊഗോട്ട ഒറ്റ രാത്രി കൊണ്ട് 76 കിലോമീറ്റര്‍ സൈക്കിള്‍ പാതയാണ് കൂട്ടിച്ചേർത്തത്. ഓക് ലാന്‍ഡ് 17 കിലോമീറ്റര്‍ താല്‍ക്കാലിക സൈക്കിള്‍ പാത ഒരുക്കുന്നതിനായി തെരുവുകളിലെ കാര്‍ പാര്‍ക്കിങ് മേഖലകള്‍ നീക്കം ചെയ്‌തു. 35 കിലോമീറ്റര്‍ തെരുവുകള്‍ നടപ്പാതകളും സൈക്കിള്‍ സഞ്ചാര പാതകളും കൂട്ടിച്ചേർത്ത് വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് മിലന്‍. 650 കിലോമീറ്റര്‍ സൈക്കിള്‍ സഞ്ചാര പാതകളാണ് പാരീസ് നിർമിക്കുന്നത്. സൈക്കിള്‍ സഞ്ചാരം, നടത്തം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ട് ബില്യൺ പൗണ്ട് മുതല്‍ മുടക്കാനാണ് ബ്രിട്ടൺ തീരുമാനിച്ചിട്ടുള്ളത്. ഈ ലോകത്തെ നിരവധി രാജ്യങ്ങള്‍ താല്‍ക്കാലിക സൈക്കിള്‍ സഞ്ചാര പാതകള്‍ ഒരുക്കുകയോ തങ്ങളുടെ നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുകയോ ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ കാര്യങ്ങളിലും പുരോഗതിയുണ്ട്. ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിൽ മോട്ടോര്‍ വാഹന ഇതര, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ ഉറപ്പ് വരുത്താനുള്ള വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. 'ഇന്ത്യാ സൈക്കിള്‍സ് ഫോർ ചെയ്ഞ്ച് ചാലഞ്ച്' എന്ന പേരിൽ ഭവന നിർമാണ നഗര കാര്യ മന്ത്രാലയം ഈയിടെ ഒരു പ്രചാരണ പദ്ധതി ആരംഭിച്ചു. കൊവിഡ് പ്രതിരോധം എന്ന നിലയില്‍ സ്‌മാര്‍ട്ട് സിറ്റികളില്‍ സൈക്കിള്‍ സഞ്ചാര സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാനാണ് ഈ പ്രചാരണം. ആദ്യ ഘട്ടത്തില്‍ പത്ത് നഗരങ്ങളില്‍ ഇത് നടപ്പാക്കും. ലോകത്താകമാനം പ്രമുഖ നഗരങ്ങളില്‍ ഇതിന്‍റെ ഭാഗമായി പൊതു ബൈക്ക് പങ്കിടല്‍ കമ്പനികള്‍ വന്‍ തോതില്‍ സേവനം വർധിപ്പിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. നിരവധി സൈക്കിള്‍ നിർമാതാക്കള്‍ക്ക് വിൽപനയില്‍ വന്‍ തോതിലുള്ള വർധനവ് ഉണ്ടായിരിക്കുന്നു. നിരവധി സര്‍ക്കാരുകൾ ജനങ്ങളെ സൈക്കിള്‍ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നു.
ഇറ്റലിയിലെ കൊവിഡ് ഉത്തേജക പദ്ധതികളില്‍ സര്‍ക്കാര്‍ 500 യൂറോയും 'ബൈസി ബോണസ്' എന്ന പേരില്‍ നഗരങ്ങളിലെ താമസക്കാര്‍ക്ക് സൈക്കിളുകള്‍ വാങ്ങുന്നതിന് വരുന്ന ചെലവിന്‍റെ 60 ശതമാനം ഇളവ് നല്‍കാനായി വകയിരുത്തിക്കഴിഞ്ഞു. 50000 ലധികം താമസക്കാരുള്ള നഗരങ്ങളിലാണ് ഈ പദ്ധതി. ഫ്രഞ്ച് സര്‍ക്കാര്‍ സൈക്കിള്‍ നന്നാക്കുന്നതിനായി 50 യൂറോയുടെ വൗച്ചറുകള്‍ നല്‍കി വരുന്നു. വിവിധ പ്രാദേശിക ഭരണകൂടങ്ങളും ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ലിയോണ്‍ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഓഫ് ഫ്രാന്‍സ് ഇലക്ട്രിക് ബൈസിക്കിള്‍, മടക്കി കൊണ്ടു നടക്കാവുന്ന സൈക്കിള്‍ അല്ലെങ്കില്‍ കാര്‍ഗോ സൈക്കിള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് 500 യൂറോ ഇളവായി നൽകാന്‍ പദ്ധതിയിടുന്നു. പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണ്‍ പുതിയ സൈക്കിളുകൾ വാങ്ങാനായി ധന ആകൂല്യങ്ങള്‍ നല്‍കാൻ പദ്ധതിയിട്ടു. എല്ലാ നഗരങ്ങളിലും സൈക്കിള്‍ വിപ്ലവം സൃഷ്‌ടിക്കുക എന്നത് എളുപ്പമല്ല. ഇന്ത്യയില്‍ 20 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് സൈക്കിളുകള്‍ കൂടുതലായി ഉപയോഗിച്ചു വരുന്നത്.
നഗരത്തിലെ ജനസംഖ്യ കൂടുന്തോറും സൈക്കിള്‍ യാത്രകളുടെ പങ്കാളിത്തവും കുറഞ്ഞു വരും. ഉദാഹരണത്തിന് കൊല്‍ക്കത്ത പോലുള്ള തിരക്കുള്ള നഗരത്തില്‍ ഏഴ് ശതമാനം മേഖല മാത്രമാണ് റോഡായിട്ടുള്ളത്. അവിടെ സൈക്കിളിന് മാത്രമായി ഒരു പാത ഒരുക്കുക വളരെ ബുദ്ധിമുട്ടാണ്. ഇവിടുത്തെ പല സൈക്കിള്‍ സഞ്ചാരികള്‍ക്കും ലളിതമായ ട്രാഫിക് നിയമങ്ങള്‍ പോലും അറിയില്ലെന്നത് വാസ്‌തവമാണ്. വാര്‍വിക്ക് സർവകലാശാലയിലെ പ്രൊഫസറായ ഒരു ബ്രിട്ടീഷ് സുഹൃത്ത് തന്‍റെ നഗരത്തിലെ വീട്ടില്‍ നിന്നും സൈക്കിളിലാണ് റെയില്‍വെ സ്‌റ്റേഷനിലെത്തുന്നത്. പിന്നീട് അദ്ദേഹം കോവന്‍ട്രി റെയില്‍വെ സ്‌റ്റേഷന്‍ വരെ സൈക്കിള്‍ തീവണ്ടിയില്‍ കൈയ്യില്‍ കൊണ്ടു പോകും. അവിടെ നിന്നും പിന്നീട് നാല് മൈലാണ് കാമ്പസിലേക്കുള്ളത്. കോവന്‍ട്രി സ്‌റ്റേഷനില്‍ നിന്നും വീണ്ടും അദ്ദേഹം സൈക്കിള്‍ ചവിട്ടി കാമ്പസിലേക്ക് പോകും. നമ്മുടെ പ്രാദേശിക തീവണ്ടികളില്‍ ഇങ്ങനെ സൈക്കിള്‍ കൊണ്ടു പോകുവാന്‍ നമുക്ക് കഴിയുമോ എന്ന് നാം ചിന്തിക്കണം. എന്നാലും റോഡ് പെ ദിഖേഗി അടിയന്തരമായും നടപ്പില്‍ വരുത്തേണ്ടതിന്‍റെ പ്രസക്തി നമ്മൾ മറക്കരുത്.