ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ ഭരണകാലത്ത് ഇന്ത്യയുടെ ഭൂമി ചൈന കയ്യേറാന്‍ എന്താണ് സംഭവിച്ചതെന്ന് രാഹുൽ ചോദിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സർക്കാർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞ പ്രതിരോധ വിദഗ്ദ്ധനെ ഉദ്ധരിച്ച് ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ ചോദ്യം.
'മോദിജിയുടെ ഭരണകാലത്ത് ഭാരതമാതാവിന്‍റെ പുണ്യഭൂമി ചൈന കയ്യേറാന്‍ മാത്രം എന്താണ് സംഭവിച്ചത്?' എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. പ്രധാന മന്ത്രി ഇന്ത്യയുടെ ഭൂമി ചൈനക്ക് മുന്നിൽ അടിയറവ് ചെയ്തതായി രാഹുൽ ഗാന്ധി ആരോപിച്ചു.
കഴിഞ്ഞ എട്ട് ആഴ്ചയായി കിഴക്കൻ ലഡാക്കിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഇന്ത്യ ചൈനീസ് സൈന്യങ്ങൾ കടുത്ത പോരാട്ടത്തിലാണ്. ജൂൺ 15 ന് ഗൽവൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.