കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ലോക്ക് ഡൗൺ കാലയളവിൽ സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡന കേസുകൾ വർധിച്ചതായി സംസ്ഥാന വനിതാ കമ്മീഷൻ. സാധാരണ സമയങ്ങളിലും പല സ്ത്രീകളും ഗാർഹിക പീഡനങ്ങളും വാക്കാലുള്ളതും ശാരീരികവുമായ പീഡനങ്ങളും നേരിടുന്നുണ്ടെങ്കിലും ലോക്ക് ഡൗൺ സമയത്ത് ഇതിൽ വൻ വർധനവാണ് സംഭവിച്ചിരിക്കുന്നത്.
സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡന കേസുകളിൽ ഏപ്രിൽ മുതലുണ്ടായ വർധനവ് ഇപ്പോഴും തുടരുകയാണെന്നും കമ്മീഷൻ ചെയർ പേഴ്‌സൺ ലീന ഗംഗോപാധ്യായ പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം എഴുപത് ഗാർഹിക പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൊൽക്കത്ത ഉൾപ്പെടെയുള്ള നഗര, ഗ്രാമീണ പ്രദേശങ്ങളിൽ നിന്നാണ് പരാതികൾ ലഭിച്ചതെന്നും ലീന ഗംഗോപാധ്യായ പറഞ്ഞു. കൂടുതൽ പരാതികൾ കിട്ടയിട്ടുള്ളത് വീട്ടമ്മമാരിൽ നിന്നാണ്. ഫോൺ കോൾ, വാട്സാപ്പ്, ഇ-മെയിൽ എന്നിവയിലൂടെയാണ് പരാതികൾ ലഭിച്ചത്. പരാതിക്കാർക്ക് ഫോണിലൂടെ കൗൺസിലിംഗ് നൽകുന്നുണ്ട്. നിരവധി സന്ദർഭങ്ങളിൽ പീഡനം നേരിടുന്ന സ്ത്രീകളെപ്പറ്റി അയൽക്കാർ വനിത കമ്മീഷനെ അറിയിക്കാറുണ്ട്. എന്നാൽ അധികൃതർ അവരെ സമീപിക്കുമ്പോൾ ഭയം കൊണ്ട് അവർ പരാതികൾ പറയാറില്ല.