ന്യൂഡല്‍ഹി: ഡ്രൈവിങ്ങിനിടയിലും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ വാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന അഭിഭാഷകനായ സുരേഷ് ശര്‍മക്ക് 500 രൂപ പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയത് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ അഭിപ്രായം അറിയിച്ചത്. ജസ്റ്റിസ് നവീന്‍ ചൗളക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മുലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സെപ്റ്റംബർ ഒമ്പതിന് ജോലിക്ക് പോകുമ്പോൾ തന്നെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെന്നും കാറിൽ തനിച്ചായിരുന്നിട്ടും മാസ്ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയെന്നുമാണ് അഭിഭാഷകന്‍റെ പരാതി.
ഡല്‍ഹി ദുരിതാശ്വാസസേന എപ്രില്‍ നാലിനാണ് ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ കാറില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ മാസ്ക് വേണ്ടെന്ന നിലപാട് അഭിഭാഷകനായ ജോബി പി വര്‍ഗീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. പ്രതികരണം അറിയിക്കാന്‍ മന്ത്രാലയത്തിന് കോടതി രണ്ട് ആഴ്ച്ചത്തെ സമയവും നല്‍കിയിരുന്നു.
കേസില്‍ വീണ്ടും ജനവരി ഏഴിന് വാദം കേള്‍ക്കും. ചലാന്‍ റദ്ദാക്കണമെന്നും മാനസിക പീഡനത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അഭിഭാഷകനായ സുരേഷ് ശര്‍മ കോടതിയില്‍ ആവശ്യപ്പെട്ടു. സ്വാകാര്യ വാഹനം ഓടിക്കുന്നയാള്‍ക്ക് ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് പൊലീസ് നല്‍കിയ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് അഭിഭാഷകനായ ജോബി പി വര്‍ഗീസ് കോടതിയെ അറിയിച്ചു.
താന്‍ ഒറ്റക്കാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്ന് ചലാനില്‍ എഴുതാനും പൊലീസുകാര്‍ തയ്യാറായില്ല. നിലവില്‍ കാറില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കണം എന്ന ഉത്തരവ് ഇല്ലാതിരിക്കെ പിഴ ചുമത്തിയത് അംഗീകരിക്കാനാകില്ലെന്നും കോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ പൊതു സ്ഥലത്ത് മാസ്ക് ധരിക്കണമെന്ന് കാണിച്ച് ഏപ്രിലിലും ജൂണിലും പുറത്തിറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുന്നതാണെന്ന് ഡിഡിഎംഎ കോടതിയെ അറിയിച്ചു.