ചെന്നൈ: പാകിസ്ഥാൻ വീണ്ടും ബാലകോട്ടിൽ സജീവമായിട്ടുണ്ടെന്നും അഞ്ഞൂറോളം ഭീകരര്‍ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്. തീവ്രവാദ നുഴഞ്ഞു കയറ്റത്തിനാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്നും ഇന്ത്യൻ സൈന്യം ജാഗ്രത പുലര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ടിലെ ഭീകര ക്യാമ്പ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു, ഇതിനെകുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ് ബിപിൻ റാവത്ത് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ തീവ്രവാദ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ഇന്ത്യ സൈനിക നീക്കം നടത്തിയത്.