കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി മമത ബാനർജി. നിയമത്തിനെതിരെ ഡിസംബർ 23ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ യോഗം സംഘടിപ്പിക്കും. നോ എൻആർസി ആന്‍റ് നോ കാബ് പ്രതിഷേധ യോഗം ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് മമത ബാനർജി അറിയിച്ചു.
യോഗത്തെ കുറിച്ച് എല്ലാ പാർട്ടി നേതാക്കളെയും അറിയിച്ചിട്ടുണ്ട്. വ്യാജ വാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച് ബിജെപി തന്‍റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നതായും മമത ആരോപിച്ചു. നിയമത്തെ എത്രപേർ എതിർക്കുന്നുണ്ടെന്ന് അറിയാൻ യുഎൻ അല്ലെങ്കില്‍ മനുഷ്യാവകാശ കമ്മിഷൻ പോലുള്ള നിഷ്‌പക്ഷ സംഘടനകൾ ഒരു കമ്മിറ്റി രൂപീകരിക്കണം. ഇക്കാര്യത്തില്‍ യുഎന്‍ വോട്ടെടുപ്പ് സംഘടിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു. രാജ്യത്തെ വിദഗ്‌ധരുമായി ആസൂത്രണം നടത്തേണ്ടതുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയണം. രാജ്യത്തെ ജനങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മമത പറഞ്ഞു.
ഭേദഗതി വരുത്തിയ പൗരത്വ നിയമത്തെ ശക്തമായി എതിർക്കുകയും പശ്ചിമ ബംഗാളിൽ നിയമനിർമാണം നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി. നിരവധി ബിജെപി ഇതര മുഖ്യമന്ത്രിമാരും സമാനമായ നിലപാടിലാണ്. 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളിൽ പലായനം ചെയ്ത ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ, പാർസികൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലിയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.