കൊല്‍ക്കത്ത: ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ബംഗാളിലെ സിലിഗുരിയില്‍ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഒന്നുചേര്‍ത്ത് റാലി സംഘടിപ്പിച്ചു. തിളക്കമുള്ള വസ്‌ത്രങ്ങൾ ധരിച്ചും നൃത്തം ചെയ്‌തും അംഗങ്ങൾ പങ്കെടുത്ത റാലി കാഞ്ചൻജംഗ സ്റ്റേഡിയം ഗേറ്റിൽ അവസാനിച്ചു. രാജ്യത്ത് അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി അവസാനിക്കണമെന്നും തങ്ങൾക്കെതിരെയുള്ള അക്രമത്തിനെതിരെ പൊതുസമൂഹം ശബ്‌ദമുയര്‍ത്തണമെന്നും വടക്കന്‍ ബംഗാളിലെ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റി ചെയര്‍പേഴ്‌സണ്‍ സൗവിക് അലോ ഘോഷാല്‍ പറഞ്ഞു.
377ാം വകുപ്പ് റദ്ദാക്കിയതുകൊണ്ട് മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുകയില്ലെന്നും എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന് വേണ്ടി ശുചിമുറികൾ നിര്‍മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും നടപ്പാക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ അവകാശസംരക്ഷണത്തിനായി സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന് മറ്റൊരു അംഗമായി സിലാദിത്യ ഘോഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ ആറിനായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കിയ വിധി പ്രസ്‌താവിച്ചത്.