ജയ്‌പൂര്‍: രാജസ്ഥാനില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ നല്‍കിയ പൊലീസുകാരെ ആക്രമിച്ച് മദ്യപാനി. ജോദ്‌പൂര്‍ ജില്ലയിലാണ് 40കാരനായ മുകേഷ് കുമാര്‍ രണ്ട് പൊലീസുകാരെ ആക്രമിച്ചത്. മര്‍ദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസുകാര്‍ ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ഇയാള്‍ പ്രതിരോധിക്കുകയും ചെയ്‌തു.
പൊലീസും ഇയാളും തമ്മിലുള്ള സംഘട്ടനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൊലീസുകാരില്‍ ഒരാള്‍ ഇയാളെ നിയന്ത്രിക്കുന്നതിനിടയില്‍ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വ്യാഴാഴ്‌ച ദേവ്‌നഗര്‍ പ്രദേശത്താണ് സംഘട്ടനം നടന്നത്. പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരും ഒരാളുമായി സംഘട്ടനമുണ്ടായെന്നും പൊലീസുകാരുടെ വസ്‌ത്രം കീറുകയും നെയിം പ്ലേറ്റുകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് ദേവ്‌നഗര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സോമശേഖരന്‍ വ്യക്തമാക്കി. പൊലീസുകാര്‍ നിയന്ത്രണത്തിലാക്കിയ മുകേഷ് കുമാറിനെ പിന്നീട് ദേവ്‌നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പബ്ലിക് സെര്‍വന്‍റിനെ ആക്രമിച്ചതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തുകയും ചെയ്‌തിട്ടുണ്ട്.