ന്യൂഡൽഹി: ജമിയത്ത് ഉലമ-ഇ-ഹിന്ദിന് പിന്നാലെ നവപദാ മസ്ജിദ് ബാന്ദ്രയും സാന്‍റാ ക്രൂസ് ഗോളിബാർ ദർഗ ട്രസ്റ്റും സുപ്രീംകോടതിയിലേക്ക്. കൊറോണ വൈറസ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ആവശ്യപ്പെട്ട് നൽകിയ ഹർജിക്കെതിരെയാണ് വഖഫ് സുപ്രീംകോടതിയെ സമീപിച്ചത്.
മൃതദേഹങ്ങൾ കുഴിച്ചിട്ടാൽ കൊറോണ വൈറസ് പടരുമെന്ന അപേക്ഷകന്‍റെ വാദങ്ങൾ വഖഫ് നിഷേധിച്ചു. ഇത്തരത്തിൽ വൈറസ് പടരുമെന്ന ഭയം പൂർണമായും അടിസ്ഥാനരഹിതവും ഇന്ത്യൻ ഗവൺമെന്‍റും ലോകാരോഗ്യ സംഘടനയും നൽകുന്ന നിർദേശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും പറഞ്ഞു. മതപരമായി മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും വഖഫ് കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെയും ലോകാരോഗ്യ സംഘടനയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സംസ്കാര ചടങ്ങ് നടത്തിയാൽ വൈറസ് ബാധ പടരില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
എബോള, മാർബർഗ് വൈറസ്, കോളറ തുടങ്ങിയ ഹെമറാജിക് പനി എന്നിവ ബാധിച്ച മൃതദേഹങ്ങളിൽ വൈറസ് ബാധ ഉണ്ടാകുമെന്നും എന്നാൽ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ ശ്വാസകോശത്തിൽ മാത്രമാണ് വൈറസ് ബാധിക്കുകയെന്നും പോസ്റ്റ്‌മോർട്ടത്തിനിടെ അനുചിതമായി കൈകാര്യം ചെയ്യാതെ ഇരുന്നാൽ മാത്രമാണ് വൈറസ് പടർന്ന് പിടിക്കകയെന്നും ബാക്കിയുള്ള സന്ദർഭങ്ങളിൽ ശരീരം കുഴിച്ചിടുന്നത് സുരക്ഷിതമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കുക. സമൂഹ അകലം പാലിക്കൽ, കുട്ടികളെയും മുതിർന്ന പൗരന്മാരെയും സംസ്കാര ചടങ്ങുകളിൽ പങ്കെടുപ്പിക്കാതെ ഇരിക്കുക, മൃതദേഹത്തിൽ സ്പർശിക്കാതെ ഇരിക്കുക തുടങ്ങിയ വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാരും ലോകാരോഗ്യ സംഘടനയും പുറപ്പെടുവിച്ചിട്ടുണ്ട്.