ബെംഗളുരു: കൊവിഡ് വ്യാപിച്ചതിനുശേഷമാണ് മാസ്‌കിന്‍റെ പ്രാധാന്യം നാം മനസിലാക്കുന്നത്. മാസ്‌കില്ലാത്ത ഒരു ദിനം പോലും നമ്മുടെ ജീവിതത്തിലില്ല. അതുകൊണ്ട് തന്നെ വിവിധ തരത്തിലുള്ള മാസ്‌കുകൾ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അടുത്തിടെ തരംഗമായി മാറിയ ഒരു മാസ്‌ക് ഉണ്ട്. അത് ധരിച്ചതാകട്ടെ പ്രധാനമന്ത്രിയും. ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ മാസ്‌ക് നിർമിച്ചത് ദാവണ്‍ഗരെ സ്വദേശിയായ കെ.പി വിവേകാനന്ദ കകോള്‍ ആണ്. ഇതോടെ വിവേകാന്ദയും ഒപ്പം മാസ്‌കും ശ്രദ്ധാകേന്ദ്രമായി.
വിവേകാനന്ദ കകോള്‍ നിർമിച്ച മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പ്രധാനമന്ത്രി കുടുംബത്തിന് അയച്ചു കൊടുത്തു. ആ സന്തോഷത്തിലാണ് കുടുംബം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വിവേകാനന്ദയുടെ കുടുംബം മാസ്‌ക് നിർമിക്കാന്‍ ആരംഭിച്ചത്. ശേഷം പാവപ്പെട്ടവര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും മാസ്‌ക് സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങി. പരുത്തി തുണികൊണ്ട് നിർമിക്കുന്ന മാസ്‌കുകള്‍ ആര്‍ക്കും ധരിക്കാന്‍ അനുയോജ്യമാണ്. ത്രിവര്‍ണ പതാകയോടുള്ള ബഹുമാനം കൊണ്ട് കാവിയും വെള്ളയും പച്ചയും നിറത്തിലുള്ള പ്രത്യേക മാസ്‌കുകളും അവര്‍ നിർമിച്ചിരുന്നു.
മാസ്‌കുകള്‍ നിർമിക്കാൻ വിവേകാനന്ദയെ സഹായിച്ചത് ഇലക്‌ട്രിക്കൽ ബിസിനസുകാരനായ രഞ്ജിത്തും, തയ്യല്‍ക്കാരനായ ജി.ബി രാജുവുമാണ്. ഓഗസ്റ്റ് 13ന് വിവേകാനന്ദയുടെ മകള്‍ കെ.വി കാവ്യയും, സുഹൃത്ത് കവിതയും ഈ മാസ്‌കുകള്‍ സ്‌പീഡ് പോസ്റ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. മികച്ച നിലവാരമുള്ള കാവി നിറത്തിലുള്ള 20, വെള്ളയും പച്ചയും നിറത്തിലുള്ള 10 വീതം മാസ്‌കുകളാണ് ഇവർ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തത്. ആദ്യം ഒരു പ്രതികരണവും ഉണ്ടായില്ല. എന്നാല്‍ ഒക്‌ടോബര്‍ 10ന് വെളുത്ത മാസ്‌ക് ധരിച്ചുകൊണ്ട് നരേന്ദ്രമോദി നില്‍ക്കുന്ന ഒരു ഫോട്ടോ കുടുംബത്തിന് അയച്ചു കൊടുത്തു.
ഒക്‌ടോബര്‍ 22നാണ് പിഎംഒയില്‍ നിന്നും ഒരു കത്ത് വിവേകാനന്ദയുടെ വീട്ടിലെത്തിയത്. അതില്‍ കാവ്യയുടെയും കവിതയുടെയും പേരുകള്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇന്നിപ്പോള്‍ കാവി, വെള്ള, പച്ച നിറത്തിലുള്ള മാസ്‌കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നിരവധി പേരാണ് ഈ മാസ്‌കുകള്‍ ആവശ്യപ്പെട്ട് എത്തുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തിയ വ്യക്തിയാണ് വിവേകാനന്ദ. വിവേകാനന്ദയുടെ ഭാര്യ കെ.വി ശാന്തയും മക്കളായ കാവ്യ, നമ്രത, മാന്യ എന്നിവരും മാസ്‌ക് നിർമാണത്തിൽ അദ്ദേഹത്തെ സഹായിക്കാറുണ്ട്. അവരുടെ പ്രധാന വരുമാനമാണ് മാസ്‌ക് നിർമാണം.