ന്യൂഡല്‍ഹി : കൊവിഡ് പശ്ചാത്തലത്തില്‍ വിസ്‌താര എയര്‍ലൈന്‍സ് വീണ്ടും ഉദ്യാഗസ്ഥര്‍ക്ക് 3 ദിവസത്തെ അവധി നല്‍കി. ഏപ്രില്‍ 15 മുതല്‍ 30 വരെയുള്ള കാലയളവില്‍ മൂന്നു ദിവസം സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാതെ അവധിയെടുക്കാം. ലോക്‌ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക ഞെരുക്കമാണ് കമ്പനിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് എയര്‍ലൈന്‍സ് ഔദ്യോഗിക വക്താവ് പറഞ്ഞു. തീരുമാനം കമ്പനിയിലെ 30 ശതമാനം ജീവനക്കാരെയാണ് ബാധിക്കുക. ലോക്‌ഡൗണ്‍ നീട്ടിയതോടെ പാസഞ്ചര്‍ വിമാനങ്ങളുടെ സര്‍വ്വീസും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 27 നും കമ്പനി ഇത്തരത്തില്‍ തീരുമാനമെടുത്തിുന്നു. ഏപ്രില്‍ 1 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയിരുന്നു. ശമ്പളമില്ലാതെ മൂന്ന് ദിവസത്തേക്കാണ് അവധി. 4000 ജീവനക്കാരുള്ള കമ്പനിയിലെ 1200 ഓളം വരുന്ന ജീവനക്കാരെ തീരുമാനം ബാധിക്കും. മറ്റൊരു എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയും സീനിയര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞമാസം പ്രസ്‌താവനയിറക്കിയിരുന്നു.