ജയ്‌പൂര്‍: രാജസ്ഥാനിലെ സുമര്‍പൂര്‍ താനെ ഗ്രാമത്തില്‍ യുവാവിനെ മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ച് ഗ്രാമീണര്‍. വിവാഹം കഴിഞ്ഞ സ്‌ത്രീയുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ചാണ് ഇരുപത്തിനാലുകാരനായ യുവാവിനെ മൂത്രം കുടിക്കാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിച്ചത്. നൂറുകണക്കിന് ആളുകളുടെ മുന്നില്‍ വെച്ചായിരുന്നു യുവാവിനോട് ഗ്രാമീണര്‍ ക്രൂരത കാട്ടിയത്. കലുറാം എന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസെടുത്തതായി സിരോഹി എസ് ഐ പൂരാ റാം ദാഹിയ അറിയിച്ചു. 15 പേരടങ്ങിയ സംഘവും യുവാവിനോട് മോശമായി പെരുമാറിയെന്നും ഇവര്‍ക്കെതിരെയും അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
യുവാവിന് ഗ്രാമത്തിലെ വിവാഹിതയായ യുവതിയുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇരുവരും തുടര്‍ച്ചയായി കാണാറുണ്ടെന്നും യുവതിയുടെ ഭര്‍ത്താവിന്‍റെ വീടിന് സമീപത്താണ് ഇയാള്‍ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനായി യുവാവിനെ ബറോന്ദ ഗ്രാമത്തിലേക്ക് ഗ്രാമീണര്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് ഇയാളെ തട്ടിക്കൊണ്ടു പോവുകയും മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തു. യുവാവിന്‍റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതെന്ന് സുമേര്‍പൂര്‍ താന എസ്എച്ച്ഒ രവീന്ദ്ര സിങ് കിച്ചി വ്യക്തമാക്കി.