ന്യൂഡൽഹി: ഗുണ്ടാതലവൻ വികാസ് ദുബെ ഏറ്റുമുട്ടൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന സമിതിയിൽ മുൻ ജഡ്ജിയേയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി.
വികാസ് ദുബെക്കെതിരെ നിരവധി കേസുകൾ ഉണ്ടായിട്ടും ഗുണ്ടാസംഘത്തിന് ജാമ്യം ലഭിച്ചതിൽ ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.ദുബെയും കൂട്ടാളികളും കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെക്കുറിച്ച് കോടതി നിരീക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിനോട് നിയമവാഴ്ച പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
ഒരു സംസ്ഥാനമെന്ന നിലയിൽ നിയമവാഴ്ച ഉയർത്തിപ്പിടിക്കണമെന്നും അങ്ങനെ ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ കടമയാണെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തർപ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിർദേശം സ്വീകരിക്കാനും തീരുമാനങ്ങൾ അറിയിക്കാനും കുറച്ച് കൂടി സമയം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.
കാൺപൂരിലെ ചൗബേപൂരിലെ ബിക്രു ഗ്രാമത്തിൽ ജൂലൈ മൂന്ന് അർധരാത്രിയിലാണ് അറസ്റ്റ് ചെയ്യാൻ എത്തിയ ഡിഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസുകാരെ ദുബെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. അറസ്റ്റിലായതിനു ശേഷം ജൂലൈ 10ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ദുബെ കൊല്ലപ്പെട്ടു. ഉജ്ജയിനിൽ നിന്ന് കാൺപൂരിലേക്ക് പോകുന്ന വഴി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ദുബെ കൊല്ലപ്പെടുന്നതിന് മുമ്പ് ഇയാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേരെ മറ്റൊരു ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയിരുന്നു.