ലക്‌നൗ: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ അനുനായിയെന്ന് സംശയിക്കുന്ന ഒരാളെക്കൂടി പൊലീസ് പിടികൂടി. കാൺപൂരിലെ ചൗബേപൂരിലെ ബിക്രു ഗ്രാമത്തിൽ ജൂലൈ മൂന്നിന് ഡിഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസുകാരെ ദുബെയും സംഘവും പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് ഉത്തര്‍ പ്രദേശിലെ മധുരയില്‍ നിന്ന് അമിത് ദുബെ എന്നയാളെ പൊലീസിന് ലഭിച്ചത്. റോഡരികില്‍ കൈകള്‍ കയര്‍കൊണ്ട് ബന്ധിക്കപ്പെട്ട നിലയില്‍ ഇയാളെ കണ്ട നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്.
കാണ്‍പൂരില്‍ വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് ഉപേക്ഷിച്ച നിലയില്‍ ഒരു വാഹനം കണ്ടെത്തിയിരുന്നു. ആ വാഹനത്തിന്‍റെ ഉടമയാണ് ഇപ്പോള്‍ അറസ്‌റ്റിലായിരിക്കുന്നത്. ആരോ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ക്രൂരമായി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അമിത് പൊലീസിന് മൊഴി നല്‍കി. വികാസ് ദുബെയുമായി ഇയാള്‍ക്കുള്ള ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുത്താൻ പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.
മധ്യപ്രദേശില്‍ നിന്ന് അറസ്റ്റിലായതിന് ശേഷം ജൂലൈ 10ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ദുബെ കൊല്ലപ്പെട്ടിരുന്നു. ഉജ്ജയിനിൽ നിന്ന് കാൺപൂരിലേക്ക് പോകുന്ന വഴി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ദുബെ കൊല്ലപ്പെടുന്നതിന് മുമ്പ് ഇയാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേരെ മറ്റൊരു ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയിരുന്നു.