ന്യൂഡല്‍ഹി: കോടികളുടെ വായ്‌പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ കൈമാറണമെന്ന യുകെ കോടതിയുടെ ഉത്തരവ് ഇതുവരെ നടപ്പായില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യുകെ കോടതിയില്‍ ചില രഹസ്യ നടപടികള്‍ നടക്കുന്നുണ്ടെന്നും അതില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലെന്നും മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. യുകെ കോടതി നടപടികള്‍ എന്ന് പൂര്‍ത്തിയാകുമെന്നതില്‍ കൃത്യമായ വിവരം നല്‍കാന്‍ വിജയ് മല്യയുടെ അഭിഭാഷകന് കഴിഞ്ഞില്ലെന്നതും കോടതി നിരീക്ഷിച്ചു.
കേസിന്‍റെ വാദം നവംബര്‍ രണ്ടിലേക്ക് മാറ്റിയതായി സുപ്രീം കോടതി അറിയിച്ചു. കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി 2017ൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയില്‍ നിന്നും കൈപ്പറ്റിയ 40 മില്യണ്‍ ഡോളര്‍ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെയാണ് സുപ്രീം കോടതിയിൽ വിജയ് മല്യക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്‌തത്. ഒക്‌ടോബര്‍ അഞ്ചിന് വിജയ് മല്യ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്‌പയെടുത്ത ശേഷം മല്യ 2016 മാർച്ച് രണ്ടിനാണ് വിദേശത്തേക്ക് കടന്നത്.