മുംബൈ: മഹാരാഷ്‌ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. സംസ്ഥാനത്ത് അണ്‍ലോക്ക് പ്രക്രിയകള്‍ ആരംഭിച്ചിട്ടും സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി ഹിന്ദു വിരുദ്ധനാണെന്ന് വിമര്‍ശിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത്. മഹാരാഷ്‌ട്ര സര്‍ക്കാര്‍ താറുമാറായതായും മുഖ്യമന്ത്രി മതപരിവര്‍ത്തനം നടത്തിയതായും തോന്നുന്നതായി വിഎച്ച്പി വക്താവ് വിജയ് ശങ്കര്‍ തിവാരി പറഞ്ഞു. മാളുകള്‍, ബസുകള്‍, റെയില്‍ എന്നിവ തുറക്കാമെങ്കില്‍ ക്ഷേത്രങ്ങള്‍ എന്തുകൊണ്ടാണ് തുറക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ശനിയാഴ്‌ച വിഎച്ച്‌പിയും ബജ്‌രങ്ദള്‍ പ്രവര്‍ത്തകരും സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ദസറ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനം ഇതിന് അനുമതി നല്‍കിയിട്ടില്ല.
ജനങ്ങളോട് പ്ലാസ്‌മ ദാനം ചെയ്യാനായി വിഎച്ച്പി പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുകയായിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അസ്‌ലം ഷെയ്‌ഖ് വിഎച്ച്പിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. വിഎച്ച്പി എന്തുചെയ്യണം, ചെയ്യേണ്ടയെന്ന് കോണ്‍ഗ്രസ് മന്ത്രിമാരോട് പറയേണ്ടതില്ലെന്ന് വിമര്‍ശനത്തിന് മറുപടിയായി വിജയ് ശങ്കര്‍ തിവാരി പറഞ്ഞു. കൊവിഡ് പോരാട്ടത്തില്‍ വിഎച്ച്പി നിരന്തരം സേവനം ചെയ്‌തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകള്‍ സമ്മര്‍ദത്തിലായിരിക്കുമ്പോഴാണ് ക്ഷേത്രങ്ങളില്‍ പോവുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും ഈ സമയം ഉദ്ദവ് താക്കറെയുടെ നിലപാട് ശരിയല്ലെന്നും വിജയ് ശങ്കര്‍ തിവാരി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരുടെയും സമ്മര്‍ദത്തില്‍പ്പെടാതിരുന്നതിന് 2000ത്തിലധികം സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരും മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് കത്തെഴുതിയിരുന്നു.