ന്യൂഡൽഹി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നഷ്‌ടം നേരിട്ട നിരവധി മേഖലകളിൽ രോഗം സാരമായി ബാധിക്കുന്ന ഒരു മേഖലയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവെയിൽ ജോലി ചെയ്യുന്ന കൂലികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെ ജീവിതം വളരെയധികം ദുരിതത്തിലാണ്. റെയിൽവേയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇവർ റെയിൽവേ ജീവനക്കാർ അല്ലെന്നതാണ് വസ്‌തുത. കൊവിഡ് മഹാമാരിയിൽ രാജ്യം ഉഴലുമ്പോൾ ഇവർക്ക് സഹായ ഹസ്‌തം നീട്ടാൻ ആരുമില്ലെന്നതാണ് മറ്റൊരു വസ്‌തുത.
തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണെന്നും പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കച്ചവടക്കാരുടെ സംഘടന നേതാവ് ഇടിവി ഭാരതിനോട് പറഞ്ഞു. സർക്കാർ ഇതുവരെ ഒരു സഹായവും നൽകിയിട്ടില്ലെന്നും റെയിൽവേയിലെ സ്റ്റാളുകൾ തുറക്കണമെന്ന് സർക്കാർ നിർബന്ധിച്ചപ്പോൾ ട്രെയിനുകൾ പ്രവർത്തനക്ഷമമാകുന്നതുവരെ മൊത്തം ലൈസൻസ് ഫീസ് ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണെന്നും അഖിൽ ഭാരതീയ റെയിൽവേ ഖാൻ-പാൻ ലൈസൻസീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് രവീന്ദർ ഗുപ്‌ത പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റോൾ കച്ചവടക്കാർക്ക് റേഷനും മറ്റ് അവശ്യവസ്‌തുക്കളും നൽകണമെന്നും വൈദ്യുതി, ജല ബില്ലുകളിൽ ഇളവ് വരുത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ഇതുവരെ തീരുമാനമൊന്നും സർക്കാർ എടുത്തിട്ടില്ല.
കച്ചവടക്കാർക്ക് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നില്ല. ഭൂരിഭാഗം തൊഴിലാളികളും പട്ടിണിയിലാണ്. സർക്കാരിന്‍റെ തീരുമാനം തൊഴിലാളികളെ കടബാധിതരാക്കി. കുറച്ച് ട്രെയിനുകൾ പ്രവർത്തിക്കുന്ന സമയത്ത് സ്റ്റോളുകൾ തുറക്കണമെന്ന തീരുമാനത്തിന് അർഥമില്ലെന്നും സാധാരണ നിലയിലേക്ക് ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നതു വരെ ലൈസൻസ്, വൈദ്യുതി, ജല ബില്ലുകളിൽ ഇളവ് നൽകണമെന്ന് തൊഴിലാളി സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. റെയിൽവേ ബോർഡ് സ്റ്റോളുകൾ തുറക്കാൻ അനുവാദം ലഭിച്ച വൻകിട കമ്പനികളേക്കാൾ പാവപ്പെട്ട കച്ചവടക്കാർ, ട്രോളി ഓപ്പറേറ്റർമാർ എന്നിവരെയാണ് കൂടുതൽ സമ്മർദത്തിലാക്കിയത്.
കുറഞ്ഞ വരുമാനമുള്ള സ്റ്റോൾ കച്ചവടക്കാരെ സര്‍ക്കാര്‍ ധനകാര്യ പദ്ധതി കീഴില്‍ പരിഗണിക്കണം. ഇന്ത്യയിൽ ഉടനീളമുള്ള 9000 റെയിൽവേ സ്റ്റേഷനുകളിൽ രണ്ട് ലക്ഷത്തിലധികം സ്റ്റാറ്റിക് യൂണിറ്റുകളിലായി 13 ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കൂലിയായി ജോലി ചെയ്യുന്നവർ വേതനമില്ലാതെ ഉഴലുകയാണ്. അതിഥി തൊഴിലാളികൾ മാത്രമാണ് നിലവിൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. രാജ്യത്ത് 30,000 ത്തിലധികം കൂലികളാണുള്ളത്.
“ഒരു ദിവസം രണ്ടു നേരത്തെ ഭക്ഷണം പോലും തരപ്പെടുത്താന്‍ പറ്റുന്നില്ല എന്ന അവസ്ഥ അപകടകരമാണ്. പാസഞ്ചർ ട്രെയിനുകൾ പ്രവർത്തിക്കാത്തതിനാൽ കൂലികളുടെ അവസ്ഥ കൂടുതൽ ദയനീയമാണ്. ജൻ ധൻ അക്കൗണ്ടുള്ളവർക്ക് 1000 രൂപയും, സംസ്ഥാന സർക്കാരുകളിൽ നിന്ന് 500 രൂപയും മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. ഇതു കൂടാതെ റെയിൽവേ യൂണിയനുകൾ കഴിയുന്നത്ര സഹായം നൽകുന്നുണ്ടെങ്കിലും അത് പര്യാപ്‌തമല്ല,” അഖിലേന്ത്യാ റെയിൽവേ മെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഗോപാൽ മിശ്ര പറഞ്ഞു.
“റെയിൽവേയിലെ ദിവസ വേതനത്തിനായി ജോലി ചെയ്യുന്നവരെ സഹായിക്കുന്നതിനായി സർക്കാർ പുതിയ നയങ്ങൾ ആരംഭിക്കണം. റെയിൽവേ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും 10,000 രൂപയെങ്കിലും സർക്കാർ ധനസഹായം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാര്യമായ ഒന്നും ഇതുവരെ അവർക്ക് നൽകിയിട്ടില്ല.” ഇന്ത്യൻ റെയിൽവേ സേവനങ്ങള്‍ പുനരാരംഭിക്കുന്നത് സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.