ന്യൂഡല്‍ഹി : വസന്ത്‍ വിഹാറിൽ വയോധികരായ ദമ്പതികളെയും സഹായിയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട സഹായിയുടെ പരിചയക്കാരിയും കാമുകനും ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഡല്‍ഹി പൊലീസാണ് ഇവരെ പിടികൂടിയത്. കവര്‍ച്ചയാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ സ്ത്രീയുടെ കാമുകന്‍ ഭാര്യയെ കൊന്ന കേസില്‍ അഞ്ച് വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു.
നഴ്‌സിങ് സഹായിയെ മാത്രം ഇല്ലാതാക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാല്‍ സാക്ഷികളെ ഒഴിവാക്കുന്നതിനായാണ് ദമ്പതികളെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരായ വിഷ്‌ണു കുമാർ (80), ഷിഷി മാതുർ(75), സഹായിയായ ഖുഷ്‌ബു (24) എന്നിവരെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂവരുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.