ഹൈദരാബാദില്‍ പ്രണയദിനത്തില്‍ കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ശ്രമം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകർ പുറത്തുവിട്ട ദ്യശ്യങ്ങളിൽ ആണ്‍കുട്ടിയെ പ്രവര്‍ത്തകരില്‍ ഒരാള്‍ അഭിനന്ദിക്കുന്നതായും കാണാം. വിശ്വഹിന്ദു പരിഷത്തിന്‍റെയും ബജ്റംഗ്ദളിന്‍റെയും പ്രവര്‍ത്തകര്‍ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വിവിധയിടങ്ങളില്‍ പ്രണയദിനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
എല്‍ബി നഗറില്‍ ഒരു കൂട്ടം യുവാക്കള്‍ സംഘടിപ്പിച്ച വാലന്‍റൈന്‍സ് ഡേ ചടങ്ങിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഒരു സംഘം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഎച്ച്പി - ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിജയവാഡയിലെ രാജീവ്ഗാന്ധി പാര്‍ക്കിലും പ്രതിഷേധ മാര്‍ച്ച് നടത്തിയിട്ടുണ്ട്. പ്രണയ ദിനാഘോഷങ്ങൾ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതിനാൽ ഇത്തരം ആഘോഷങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അഭ്യര്‍ഥിച്ച് വിജയവാഡയില്‍ പലസ്ഥലത്തും ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു.