ന്യൂഡല്‍ഹി: പാര്‍ലെമന്‍റ് തെരഞ്ഞെടുപ്പിനുശേഷം ഉസ്ബെക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ അസീസ് കാമിലോവ് ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ കാമിലോവ് വിദേശ കാര്യ മന്ത്രി ഡോ.എസ് ജയ്‌ശങ്കറുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര, സുരക്ഷാ സഹകരണം ഉള്‍പ്പെടെ ഉഭയ കക്ഷി ബന്ധത്തിന്‍റെ വിവിധ വശങ്ങള്‍ ഇരുപക്ഷവും അവലോകനം ചെയ്യും.
ഉസ്ബെക്കിസ്ഥാന്‍ പാര്‍ലമെന്‍റിലെ ലെജിസ്ലേറ്റീവ് ചേംബറിലെ 150 സീറ്റുകളിലേക്ക് അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഡിസംബര്‍ 22ന് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഉസ്ബെക്കിസ്ഥാന്‍ 43 സീറ്റുകളും നാഷണല്‍ റിവൈവല്‍ പാര്‍ട്ടി 35 സീറ്റുകളും നേടി. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇക്കോളജിക്കല്‍ പാര്‍ട്ടിക്ക് 11 സീറ്റുകളും നേടാന്‍ കഴിഞ്ഞു. 10 ആഗോള സംഘടനകളില്‍ നിന്നും ഇന്ത്യയില്‍ നിന്നുള്ള 11 നിരീക്ഷകര്‍ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുമായി 800ലധികം അന്താരാഷ്ട്ര നിരീക്ഷകരാണ് വോട്ടിങ് പ്രക്രിയ നിരീക്ഷിച്ചത്.
ഡല്‍ഹിയിലെ ഉസ്ബെക്കിസ്ഥാന്‍ അംബാസഡര്‍ ഫറൂദ് അര്‍സീവ് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളില്‍ നിന്ന് പഠിക്കുമെന്നും പാര്‍ലമെന്‍ററി സഹകരണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മില്‍ വലിയ സാധ്യതകളുമുണ്ടെന്നും ഉസ്ബെക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഉസ്ബെക്ക് പാര്‍ലെമന്‍റ് തെരഞ്ഞെടുപ്പ് അവസാനിച്ചതിനുശേഷമുള്ള ആദ്യ ഉന്നതല ബന്ധമാണിത്.