ലക്‌നൗ: സംസ്ഥാനത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സൗജന്യ കൊവിഡ് പരിശോധന കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
“മേര കോവിഡ് കേന്ദ്ര” എന്നാണ് ആപ്പിന്‍റെ പേര്. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ എല്ലാ തലത്തിലും ശ്രമിക്കുന്നുണ്ടെന്നും എല്ലാ ജില്ലകളിലും സൗജന്യ പരിശോധന സൗകര്യങ്ങളുണ്ടെന്നും സ്വകാര്യ ലാബുകളിൽ നടത്തുന്ന പരിശോധനകൾക്ക് നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉയർന്ന തോതിൽ പരിശോധന നടത്തിയതിനാലാണ് കൊവിഡ് വ്യാപനം എത്ര മാത്രമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞതെന്നും ഇതു വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിന്‍റെയും കൂട്ടായ പരിശ്രമത്തിന്‍റെയും ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യവകുപ്പിനെയും മുൻനിര കൊവിഡ് പോരാളികളെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്ത് രണ്ടു ലക്ഷത്തിലധികം പരിശോധനകൾ നടത്തിയ സംസ്ഥാനമെന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.