ലഖ്‌നൗ: ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ അനധികൃതമായി രാജ്യത്ത് കടക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നാണ് ഹെൻ ലീ (37) എന്നയാളെ ശാസ്ത്ര സീമ ബാൽ (എസ്എസ്ബി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.സാധുവായ വിസ ഉണ്ടായിരുന്നിട്ടും അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലെക്ക് കടക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ് . കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്ന് വിദേശ പൗരന്മാർ രാജ്യത്ത് പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഇതാണ് ഇയാൾ അറസ്റ്റിലാകാൻ കാരണം.
ചൈനീസ് പൗരനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 420, വിദേശി നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് സോനൗലി പൊലീസ് ഉദ്യോഗസ്ഥൻ അശുതോഷ് സിംഗ് പറഞ്ഞു.ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം പട്രോളിങ് നടത്തിയിരുന്ന എസ്എസ്ബി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതിയെ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു.